ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ
|ഒരു റിയാലിന് ലഭിക്കുന്നത് 218.75 ഇന്ത്യൻ രൂപ
മസ്കത്ത്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ. വിനിമയ സ്ഥാപനങ്ങൾ ഇന്ന് ഒരു റിയാലിന് നൽകുന്നത് 218.75 ഇന്ത്യൻ രൂപയാണ്. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരാൻ പോവുന്നതാണ് വിനിമയ നിരക്ക് വർധിക്കാനുള്ള ഇപ്പോഴത്തെ പ്രധാന കാരണം. ട്രംപ് അധികാരത്തിൽ വരുന്നതോടെ പലിശ നിരക്ക് വർധിക്കുന്നതടക്കമുള്ള പ്രതീക്ഷകൾ ഡോളർ ശക്തമാവാൻ കാരണമാക്കിയിട്ടുണ്ട്.
ഒരു റിയാലിന് 218. 75 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഇന്ന് നൽകിയത്. വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇയിൽ ഒരു റിയാലിന് 219.11 രൂപ എന്ന നിരക്കും കാണിക്കുന്നുണ്ട്. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിനിമയ നിരക്ക് വർധിക്കാൻ കാരണം. ഡോളർ ശക്തി പ്രാപിച്ചതോടെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും മൂല്യം ഇടിഞ്ഞിട്ടുണ്ട്. എഷ്യൻ രാജ്യങ്ങളുടെ കറൻസിയിൽ 1.2 ശതമാനം തകർച്ചയാണുണ്ടായത്.
അതേസമയം, അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുകയാണ്. ഒരു ഡോളറിന്റെ വില ബുധനാഴ്ച 84.17 രൂപയിലെത്തി. ട്രംപ് അധികാരത്തിൽ വരുന്നതോടെ പലിശ നിരക്ക് വർധിക്കുമെന്നതടക്കമുള്ള പ്രതീക്ഷകൾ ഡോളർ ശക്തമാകാൻ കാരണമാക്കി.
ഇന്ത്യൻ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞിരുന്നു. വിദേശ നിക്ഷേപം വൻ തോതിൽ പിൻവലിച്ചതാണ് ഇന്ത്യൻ ഓഹരി വിപണിക്ക് വിനയായത്. ചൈനയിലാണ് ഇപ്പോൾ വിദേശ നിക്ഷേപകർ കണ്ണുവെക്കുന്നത്. ഒപെക് ഉത്പാദനം വർധിപ്പിക്കാത്തത് അടക്കമുള്ള കാരണങ്ങളാൽ എണ്ണ വില വർധിക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.