ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി
|ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ ഹമദ് അൽബുസൈദി.
ഫലസ്തീൻ ജനത ഭയാനകമായ മാനുഷിക യാതനകളാണ് നേരിടുന്നുത്. ഇത് ഹൃദയഭേദകമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിന്റെ മറവിൽ ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ നടത്തുന്ന ഈ നിഷ്ഠൂരമായ യുദ്ധം തടയുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പരാജയവും നാം ഉയർത്തിക്കാട്ടണം.
കുട്ടികളെയും സ്ത്രീകളെയും പ്രതിരോധമില്ലാത്ത പുരുഷന്മാരെയും കൊന്നൊടുക്കുക, വീടുകൾ, ആരാധനാലയങ്ങൾ, സൗകര്യങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ തകർക്കുക, സേവനങ്ങൾ വെട്ടിക്കുറക്കുക, ജനങ്ങൾക്ക് വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ നഷ്ടപ്പെടുത്തുക എന്നിവയിലൂടെയല്ല സ്വയം പ്രതിരോധം ഉണ്ടാകുന്നത്.
ഫലസ്തീനുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തെ അപലപിക്കാത്ത ചില സൗഹൃദ രാജ്യങ്ങളുടെ നിലപാടുകൾ സങ്കടപ്പെടുത്തുന്നതാണെന്നും ഒമാൻ വിദേശകാര്യമന്ത്രി പറഞ്ഞു.