ഒമാനിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
|ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം
ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്തിന്റെ പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമായി ഒരാൾ മരിച്ചു .ബ്രിട്ടണിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഒമിക്രോൺ ബാധിച്ചയാൾ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
അതേസമയം, കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കത്തിൽ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയിൽ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തിൽ ആറാം തിയ്യതിയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങൾ കണ്ടതോടെ എട്ടാം തിയ്യതി നടത്തിയ പരിശോധനയിൽ പോസിറ്റീവായി. തുടർന്നാണ് ഒമിക്രോൺ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പർക്കം പുലർത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇരുവരുടെയും സാംപിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.