മനുഷ്യകടത്ത് തടയൽ; ബോധവത്കരണ കാമ്പയിനിന്‍റെ രണ്ടാം പതിപ്പിന് തുടക്കം
|മനുഷ്യകടത്ത് തടയുന്നതിനുള്ള ബോധവത്കരണ കാമ്പയിനിന്‍റെ രണ്ടാം പതിപ്പിന് ഒമാനിൽ തുടക്കമായി. മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്താരാഷ്ട്ര കരാറുകൾ രൂപപ്പെടുത്തുന്നതിനുള്ള ഒമാൻന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിനിലുടെ ഉദ്ദേശിക്കുന്നത്.
മനുഷ്യകടത്ത് തടയുന്നതിനുള്ള ബോധവത്കരണ കാമ്പയിൻ ഒക്ടോബർ 30വരെയാണ് നടക്കുക. ഡിപ്ലോമാറ്റിക് ക്ലബിൽ നടന്ന ചടങ്ങിലാണ് കാമ്പയിന് തുടക്കമായത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രേക്ഷകരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
അറബി,ഇംഗ്ലീഷ്,ഉറുദു,ബംഗാളി,ഫിലിപ്പിനോ തുടങ്ങിയ ഭാഷകളിൽ പൊതുജന ബോധവത്കരണ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കും. സാമൂഹിക പരിപാടികൾ, പ്രവർത്തനങ്ങൾ, പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, ഫീച്ചറുകൾ, പ്രസ് റിലീസുകൾ, ടി.വി, റേഡിയോ അഭിമുഖങ്ങൾ എന്നിവയും കാമ്പയിൻന്റെ ഭാഗമായി സംഘടിപ്പിക്കും.
ഇതിന് പുറമെ തെരുവ് ബിൽബോർഡുകൾ, മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, സലാല എയർപോർട്ട് എന്നിവിടങ്ങളിലെ ഡിജിറ്റൽ സ്‌ക്രീനുകൾ, വെബ്‌സൈറ്റുകൾ, പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ സന്ദേശങ്ങളും നൽകും. മനുഷ്യക്കടത്ത് ചെറുക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന രാജ്യമാണ് ഒമാൻ.