എയർ ഇന്ത്യ എക്‌സ്പ്രസ് സർവ്വീസുകൾ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു
|വിവിധ സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
സ്‌കൂൾ അവധിക്കാലം ആരംഭിക്കാനിരിക്കെ സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകൾ വെട്ടിക്കുറച്ചതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാവുന്നു. സലാലയിൽ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവ്വീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചകൾക്ക് മുമ്പ് നിർത്തലാക്കിയത്.
നിലവിൽ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ആഴ്ചയിൽ ഒരു സർവ്വീസ് മാത്രമാണുള്ളത്. കോവിഡിന് മുമ്പ് കൊച്ചി വഴി തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്ക് നേരിട്ടും തിരിച്ചും സർവ്വീസുകൾ ഉണ്ടായിരുന്നു.
കോവിഡിന് ശേഷം കണ്ണൂർ വഴി കൊച്ചിയിലേക്കും കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരുന്നതാണ്. നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തിയിരുന്നതാണ് ഇവയെല്ലാമെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കൂടാതെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലുമുള്ള നിരവധി പ്രവാസികൾക്കും ഉപകാര പ്രദമായിരുന്നു ഈ സർവ്വീസുകൾ.
എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഈ നടപടിക്കെതിരെ മ്യൂസിക് ഹാളിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധ യോഗം ചേർന്നു. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അധ്യക്ഷത വഹിച്ചു.
ടിസ പ്രസിഡന്റ് ഷജീർ ഖാൻ വിഷയാവതരണം നടത്തി. എല്ലാ സംഘടന പ്രതിനിധികളെയും ഉൾപ്പെടുത്തി വിശാലമായ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഡോ. കെ. സനാതനനെ ചെയർമാനായും റസ്സൽ മുഹമ്മദിനെ കൺവീനറായും നിശ്ചയിച്ചു. സണ്ണി ജേക്കബ്, ഹേമ ഗംഗാധരൻ , എ.പി കരുണൻ, ഡോ. ഷാജി പി. ശ്രീധർ എന്നിവരെ മറ്റു ഭാരവാഹികളായി ചുമതലപ്പെടുത്തുകയും ചെയ്തു.
സലാലയിലുള്ള പതിനായിരക്കണക്കിന് മലയാളികൾക്ക് അനുഗ്രഹമായിരുന്ന സർവ്വീസുകളാണ് സ്‌കൂൾ സീസണും ഖരീഫ് സീസണും വരാനിരിക്കെ എയർ ഇന്ത്യ അവസാനിപ്പിച്ചിരിക്കുന്നത്. ഇത് ഉടനെ പുനസ്ഥാപിക്കണമെന്ന് ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.
ആദ്യ നടപടി എന്ന നിലയിൽ ബന്ധപ്പെട്ട ആളുകൾക്ക് വ്യാപകമായ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യോമയാന മന്ത്രി, വിദേശ കാര്യ മന്ത്രി, വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി, ബന്ധപ്പെട്ട എം.പിമാർ, എയർ ഇന്ത്യ മാനേജ്‌മെന്റ് എന്നിവർക്ക് പരാതി നൽകും.
അടുത്ത ദിവസം സലാലയിൽ എത്തുന്ന ഒമാനിലെ ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ട് ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.
വിവിധ സംഘടന ഭാരവാഹികളും പൗര പ്രമുഖരുമായ സണ്ണി ജേക്കബ്, എ.പി.കരുണൻ, ഡോ. ഷാജി പി. ശ്രീധർ , ഷജീർഖാൻ , ഒ. അബ്ദുൽ ഗഫൂർ , റഷീദ് കൽപറ്റ, സിജോയ് പേരാവൂർ, ജി. സലിം സേട്ട്, ഡോ. നിഷ്താർ, കെ. ഷൗക്കത്തലി , ജോസ് ചാക്കോ, ശ്രീജി നായർ, റസാഖ് ചാലിശ്ശേരി, മുസാബ് ജമാൽ, ഹുസൈൻ കാച്ചിലോടി , ജംഷാദ് അലി തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
അതോടൊപ്പം സീസൺ കാലത്തെ ടിക്കറ്റ് വില വർധന പിൻവലിക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. സലാലയിൽനിന്ന് കേരളത്തിലേക്ക് സാധാരണ 40 മുതൽ 50 വരെ റിയാലാണ് ടിക്കറ്റ് നിരക്ക്. സീസൺ സമയത്ത് ഇത് 90 മുതൽ നൂറ് റിയാൽ വരെയാണ്. നാട്ടിൽ നിന്ന് സലാലയിലേക്ക് 130 റിയാൽ വരെയാണ് ചാർജ് വർധനയുള്ളത്.