54ാം ദേശീയ ദിനം: ഒമാനിൽ പൊതു അവധി ആരംഭിച്ചു
|വാരാന്ത്യ അവധിയും ചേർത്ത് നാല് ദിവസമാണ് അവധി
മസ്‌കത്ത്: ഒമാനിൽ 54ാം ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി ആരംഭിച്ചു. വാരാന്ത്യ അവധിയും ചേർത്ത് തുടർച്ചായായ നാല് ദിവസത്തെ അവധിയാണുള്ളത്. തുടർച്ചയായ അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒമാനിലെ പ്രവാസികളും സ്വദേശികളും. മലയാളികളടക്കമുള്ള പ്രവാസികൾ യാത്രകളും കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലാണ്. ചിലർ മറ്റു രാജ്യങ്ങളിലേക്കും പറന്നുകഴിഞ്ഞു.
താരതമ്യേന വിമാനടിക്കറ്റിന് കുറഞ്ഞ നിരക്കുള്ളതും ആശ്വാസമാണ്. ഒമാന്റെ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ അടക്കം കുറഞ്ഞ നിരക്കാണ് പല യറോപ്യൻ രാജ്യങ്ങിലേക്കും ദേശീയദിനാഘേഷാഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം യാത്ര ചെയ്യുന്നവരുമുണ്ട്. മസ്‌കത്തിലെ ഖാബൂസ് പോർട്ടിലേക്കും കോർണിഷിലേക്കും മത്ര സൂക്കിലേക്കും നിരവധി പേർ എത്തുന്നുണ്ട്. മത്രയിൽ അവധിക്കാലത്ത് ഒമാൻ ടൂറിസം വകുപ്പ് റനീൻ എന്ന പേരിൽ കാലാപരിപാടി ഒരുക്കുന്നുണ്ട്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ കലാകാരൻമാർ അണിനിരക്കും. ഒമാനിൽ സുഖകരമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അധികം ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയാണുള്ളത്. ഇത് യാത്രക്കും ആഘോഷങ്ങൾക്കും ഏറെ ഗുണകരവുമാണ്. രാത്രികാല ക്യാമ്പിങ്ങിനും തുടക്കമായിട്ടുണ്ട്. അതേസമയം അവധിക്കാല യാത്രക്ക് പുപ്പെടുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ ഒമാൻ പൊലീസ് നേരത്തെ നൽകിയിരുന്നു.