അധ്യാപകദിനത്തിൽ വിദ്യാർഥികളുടെ പ്രിയങ്കരനായ രാധാകൃഷ്ണ കുറുപ്പ് സാർ പടിയിറങ്ങുന്നു
|ക്ലാസ് മുറികൾക്കപ്പുറത്തേക്ക് ചിന്തിക്കാനും പഠിപ്പിക്കാനും പ്രേരിപ്പിച്ച വിദ്യാർഥികളുടെ പ്രിയങ്കരനായ രാധാകൃഷ്ണ കുറുപ്പ് സാർ അധ്യാപകദിനമായ ഇന്ന് പടിയിറങ്ങുന്നു. ഒമാനിലെ ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ മലയാള വിഭാഗം മേധാവിയായ ഇദ്ദേഹം 25 വർഷത്തെ സേവനത്തിന് ശേഷമാണ് പ്രിയപ്പെട്ട വിദ്യാർഥികളോട് വിട പറയുന്നത്.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രാധാകൃഷ്ണ കുറുപ്പ് 1997ലാണ് ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ മലയാള വിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.
നേരത്തെ, ലക്ഷ്വദ്വീപിൽ സർക്കാർ സ്കൂളിൽ അധ്യാപകനായും പിന്നീട് കേരള ശബ്ദത്തിലും ജോലി ചെയ്തിരുന്നു. പിന്നീട് പ്രവാസം തിരഞ്ഞെടുത്ത രാധാകൃഷ്ണ കുറുപ്പ് കുറഞ്ഞ കാലം കൊണ്ടാണ് കുട്ടികളുടെ പ്രിയപ്പെട്ട കുറുപ്പ് സാറായും മസ്കത്തിലെ സാമുഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായും മാറുന്നത്.
സ്കൂളിലെ മലയാളം അധ്യാപകൻ എന്നതിനപ്പുറം വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവും സൃഷ്ടിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. വിദ്യാർഥികളെ ചരിത്ര ബോധമുള്ളവരും സേവന മനോഭാവമുളളവരുമാക്കുന്നതിന് വ്യത്യസ്ത പദ്ധതികളും സ്കൂളിൽ അദ്ദേഹം നടപ്പിലാക്കി.
പ്രകൃതിയോടിണങ്ങി ജീവിക്കാനും കുട്ടികളെ കുറുപ്പ് സർ പ്രചോദിപ്പിച്ചു. അനുഗ്രഹ ചാരിറ്റി ക്ലബ്, സ്കൂൾ പച്ചക്കറി തോട്ടം, റമസാൻ കാലത്തെ ഭക്ഷ്യ കിറ്റ് വിതരണം, ബീച്ച് ശുചീകരണം, കണ്ടൽകാട് സംരക്ഷണം, പക്ഷി നിരീക്ഷണം- പഠനം എന്നിവയെല്ലാം വിദ്യാർഥികൾക്കായി സ്കൂൾ അധികൃതരുടെ സഹകരണത്തോടെ അദ്ദേഹം നേതൃത്വം നൽകിയ പദ്ധതികളിൽ ചിലതാണ്.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ ജീവിതാനുഭവങ്ങളെ മുൻനിർത്തി ബോൺസായ് കുട്ടികൾ എന്ന പേരിൽ പുസ്തകവും രാധാകൃഷ്ണ കുറുപ്പ് ഇക്കാലയളവിൽ എഴുതി. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിദ്യാഭ്യാസം പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചർച്ച ചെയ്യുന്നത്. പ്രശ്ന കലുഷിതമായ വർത്തമാനകാല വിദ്യാഭ്യാസ സാഹചര്യങ്ങളിലേയ്ക്കും കുത്തനെ തകർന്നടിയുന്ന മൂല്യങ്ങളിലേയ്ക്കും വിരൽചൂണ്ടുന്നതായിരുന്നു ഈ പുസ്തകം. ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽനിന്ന് പടിയിറങ്ങുന്ന കുറുപ്പ് സർ തുടർന്നും മസ്കത്തിൽ തന്നെ വിദ്യാർഥികൾക്കായി പഠന, പാഠ്യേതര പരിശീലനങ്ങളുമായി ഉണ്ടാകും.