Oman
Rain accidents: Oman Police rescued 1,630 people in 152 rescue missions
Oman

മഴക്കെടുതി: 152 രക്ഷാദൗത്യങ്ങളിലൂടെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചത് 1,630 പേരെ

Web Desk
|
18 April 2024 5:49 AM GMT

വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് രക്ഷാദൗത്യം നടത്തിയത്

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ കെടുതികളിൽ 152 രക്ഷാദൗത്യങ്ങളിലൂടെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചത് 1,630 പേരെ. വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് രക്ഷാദൗത്യം നടത്തിയതെന്ന് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് വാദികളിൽ മിന്നൽ പ്രളയമുണ്ടാകുകയും വിവിധ ദുരന്തങ്ങളിലായി 20 പേർ മരിക്കുകയും ചെയ്തിരുന്നു. റോയൽ ഒമാൻ പൊലീസ് ഓപ്പറേഷൻസ് സെന്ററും ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റുകളും ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്.

മഴവെള്ളത്തിലോ വാഹനങ്ങളിലോ കുടുങ്ങിപ്പോയ വ്യക്തികൾ, തീപിടിത്ത സംഭവങ്ങളിൽപ്പെട്ടവർ, ആരോഗ്യ സേവനമടക്കം വിവിധ സഹായങ്ങൾ തേടുന്നവർ തുടങ്ങിയവർക്കാണ് ഒമാൻ പൊലീസ് തുണയായത്. വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് പുറമേ, മെഡിക്കൽ സംഘങ്ങളെ എത്തിക്കുന്നതിൽ നിർണായക പങ്കും പൊലീസ് ദൗത്യസംഘം നിർവഹിച്ചു.

ദുരന്ത ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രാന്തമായ അർപ്പണബോധത്തെ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ബിൻ നാസർ അൽ കിന്ദി അഭിനന്ദിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് പുറമേ, ഗതാഗത നിയന്ത്രണം, സുരക്ഷാ പരിപാലനം, ഗവൺമെൻറ് ഏജൻസികളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും അടുത്ത സഹകരണത്തിലൂടെ നേടിയ സാധാരണ നില പുനഃസ്ഥാപിക്കൽ എന്നിവയും പൊലീസ് നടത്തിവരുന്നു.

അതിനിടെ, വിദ്യാഭ്യാസ മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലുമുള്ള വിദ്യാഭ്യാസ ഡയറക്ടർ ജനറലുകൾക്ക് ഓരോ സ്‌കൂളിന്റെയും സാഹചര്യം വിലയിരുത്താനും നിലവിലുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് ഏപ്രിൽ 18ന് ഔദ്യോഗിക ഡ്യൂട്ടി സംവിധാനം നിശ്ചയിക്കുന്നതിനും അധികാരം നൽകിയിട്ടുണ്ട്. കാലാവസ്ഥാ ആഘാതങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലെ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് നടത്തിയ സൂക്ഷ്മ വിശകലനത്തെ തുടർന്നാണ് തീരുമാനം.

Similar Posts