മഴയും ഇടിമിന്നലും തുടരും; മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
|മഴക്കെടുതിയിൽ ഒമാനിൽ ആകെ മരിച്ചത് മലയാളിയടക്കം 19 പേരാണ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രിയും നാളെ കാലത്തുമായി മഴയും ഇടിമിന്നലും തുടരുമെന്ന മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിന്നൽ പ്രളയത്തിന് ഇടയാകുന്ന തരത്തിൽ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം 30-100 എം.എം മഴയുണ്ടായേക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അൽ ഇർസ്വാദുൽ ഒമാനിയ്യ എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. മുസന്ദം, ബുറൈമി, ദാഹിറ, നോർത്ത് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, അൽവുസ്തയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴയുണ്ടാകുകയെന്നാണ് അറിയിപ്പ്. ദോഫർ ഗവർണറേറ്റിൽ ഒറ്റപ്പെട്ട മഴയുമുണ്ടായേക്കും.
മണിക്കൂറിൽ 28-83 വരെ കിലോമീറ്റർ വേഗത്തിൽ (15-45 നോട്ട്‌സ്) കാറ്റുമുണ്ടായേക്കുമെന്നും അധികൃതർ പറഞ്ഞു. മുസന്ദം ഗവർണറേറ്റിലടക്കം ഒമാൻ തീരത്തിൽ സമുദ്രനിരപ്പ് 2-3 മീറ്റർ ഉയർന്നേക്കുമെന്നും അറിയിച്ചു. നോർത്ത് ബാത്തിന, ബുറൈമി ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ദാഖിലിയ, ദാഹിറ എന്നിവിടങ്ങളിലെ മരുഭൂമികളിലും കാറ്റിനും ഇടയ്ക്കിടെയുള്ള ആലിപ്പഴ വർഷത്തിനുമൊപ്പം ഇടിമിന്നലും വ്യത്യസ്ത തീവ്രതയിലുള്ള മഴയുമുണ്ടായേക്കാമെന്ന ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
നോർത്ത് ബത്തിന (ഷിനാസ്), അൽ ബുറൈമി (മഹ്ദ, അൽ ബുറൈമി) ഗവർണറേറ്റുകളിലെയും ദാഖിലിയ- ദാഹിറ മരുഭൂമികളുടെയും ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനുമൊപ്പം വിവിധ തീവ്രതയിലുള്ള മഴ മസ്‌കത്ത് റഡാർ കാണിക്കുന്നുണ്ടെന്നും അധികൃതർ എക്‌സിൽ അറിയിച്ചു. അതിനാൽ വാദികളിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മുസന്ദം, നോർത്ത് ബാത്തിന (ലിവ), അൽ ബുറൈമി (അൽ സുനൈന), ദാഹിറ (അൽ ഖുവൈർ), എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഖർൻ അൽ ആലമിനും ദാഹിറയ്ക്കും സമീപമുള്ള മരുഭൂമികളുടെ ഭാഗങ്ങളിലും ഇടിമിന്നലും വ്യത്യസ്ത തീവ്രതയുള്ള മഴയുമുണ്ടായേക്കാമെന്ന് നേരത്തെ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
മഴ പെയ്ത് വാദികൾ നിറഞ്ഞൊഴുകിയുണ്ടായ അപകടങ്ങളിൽ ഒമാനിൽ ആകെ മരിച്ചത് മലയാളിയടക്കം 19 പേരാണ്. നോർത്ത് ഷർഖിയയിൽ 16 പേരും ആദം വിലായത്തിൽ മൂന്ന് പേരും മരിച്ചതായാണ് അധികൃതർ തിങ്കളാഴ്ച അറിയിച്ചത്. മുദൈബി വിലായത്തിലെ സമദ് അൽഷാനിലെ 12 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെയുള്ളവർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്.