വ്യവസായ മേഖലയുടെ പുനരുജ്ജീവനം; ഒമാനും സൗദിയും കൈകോർക്കുന്നു
|മസ്‌കത്ത്: ഒമാനിലെ വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ സൗദിയും ഒമാനും ഒപ്പുവച്ചു. ഒമാനും സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റും തമ്മിലുള്ള സംയുക്ത വികസന പദ്ധതികളിലെ പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുൾ റഹ്‌മാൻ അൽ മുർഷിദിന്റെയും ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്‌സിയുടെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്.
ഒമാൻ വിഷൻ 2040ന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും,വ്യാവസായിക, ലോജിസ്റ്റിക് മേഖലകളെ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമാനിലെ അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത-തൊഴിൽ വിദ്യാഭ്യാസ മേഖലകൾ, ജലം, വ്യവസായം, ഖനനം, ഗതാഗതം, വാർത്താവിനിമയ മേഖലകൾ, വികസന പദ്ധതികൾ തുടങ്ങിയ മേഖലകളിലും പിന്തുണയ്ക്കുന്ന തരത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചത്.