ഗവൺമെന്റ് പോർട്ടലുകൾക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകൾ; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
|സൂക്ഷിക്കുക! ഈ വെബ്‌സൈറ്റുകളിൽ വ്യക്തിഗത- ബാങ്കിംഗ് വിവരങ്ങൾ നൽകരുത്
മസ്‌കത്ത്: ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടലുകളോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളെ കുറിച്ച് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ് (ആർഒപി). ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വ്യാജ വെബ്സൈറ്റുകളെ കുറിച്ച് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയത്. അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാൻ തട്ടിപ്പുകാർ ഇത്തരം പോർട്ടലുകൾ ഉപയോഗിച്ച് ബാങ്കിംഗ് ഡാറ്റ കയ്യിലാക്കുതായും പൊലീസ് ഓർമിപ്പിച്ചു. അതിനാൽ ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ നൽകരുതെന്നും പറഞ്ഞു.
വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നും ആർഒപി അഭ്യർത്ഥിച്ചു. വ്യാജ വെബ്‌സൈറ്റുകളുടെ ഉദാഹരണവും പൊലീസ് പങ്കുവെച്ചു. www.mmm.om എന്നത് ഒരു ഔദ്യോഗിക വെബ്സൈറ്റാണ്, അതേസമയം www.mmm.com. , www.mmn.m.om എന്നിവ വ്യാജ വെബ്‌സൈറ്റുകളാണ് - പൊലീസ് ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റിന്റെ പേരിൽ ഒരു അക്ഷരമോ ചിഹ്നമോ ചേർത്താണ് തട്ടിപ്പ് നടത്തുന്നതെന്നും പറഞ്ഞു.