മുൻ അമീറിന്റെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ ഒമാൻ ഭരണാധികാരി കുവൈത്തിലെത്തി
|കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് ഒമാനുമായി ഉറ്റ ബന്ധം പുലർത്തിയ രാഷ്ട്രത്തലവനായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ അമീറിന്റെ വിയോഗത്തിൽ അനുശോചനവും സാന്ത്വനവും പകർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈത്തിലെത്തി. കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് ഒമാനുമായി ഉറ്റ ബന്ധം പുലർത്തിയ രാഷ്ട്രത്തലവനായിരുന്നു. ഒമാൻ സുൽത്താനെയും പ്രതിനിധി സംഘത്തേയും അമീരി ദിവാൻകാര്യ മന്ത്രി വിമാനത്താവളത്തിൽ സ്വീകരിച്ചു.
കുവൈത്ത് അമീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശൈഖ് നവാഫിന്റെ വിയോഗം മൂലമുണ്ടായ വേദന മറികടക്കാൻ അൽ സബാഹ് കുടുംബത്തിനും കുവൈത്ത് ജനതക്കും മനഃശക്തി നൽകാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ പറഞ്ഞു. സുൽത്താനേറ്റുമായി വിവിധ മേഖലകളിൽ ആഴത്തിലുള്ള സൗഹൃദ ബന്ധമാണ് ശൈഖ് നവാഫ് കാത്ത് സൂക്ഷിച്ചിരുന്നത്. ഭരണകാലത്ത് ഒമാനും കുവൈത്തും തമ്മിലുള്ള പരസ്പര സഹകരണവും ബന്ധവും കൂടുതൽ ശക്തമാക്കാൻ അദ്ദേഹം മുൻ കയ്യെടുത്തു. കുവൈത്ത് അമീറിന്റെ മരണത്തെ തുടർന്ന് ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. പതാക താഴ്ത്തികെട്ടുകയും പൊതു-സ്വകാര്യ മേഖലകളിൽ അവധി നൽകുകയും ചെയ്തു.