സലാം എയര്‍: ഇന്ത്യൻ സെക്ടറിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു
|കോഴിക്കോട്ടേക്കുള്ള സർവിസുകൾ ഡിസംബർ 16ന് ആരംഭിക്കും.
മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ പുനരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതലായിരുന്നു സലാം എയർ ഇന്ത്യൻ സെക്ടറിൽനിന്ന് സർവിസുകൾ റദ്ദാക്കിയത്. ഈ സർവിസുകൾ ആണ് പുനരാരംഭിക്കാൻ പോകുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് മസ്കത്തിൽ നിന്ന് നേരിട്ട് സർവിസുകൾ നടത്തും. ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് സലാം എയർ ചെയർമാൻ ഡോ. അൻവർ മുഹമ്മദ് അൽ റവാസ് പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട്ടേക്കുള്ള സർവിസുകൾ ഡിസംബർ 16ന് ആരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള ഷെഡ്യൂൾ പ്രഖ്യാപിട്ടില്ല. മസ്കത്തിൽനിന്ന് രാത്രി 10.30 പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കോഴിക്കോട്ടെത്തും. കോഴിക്കോട്നിന്ന് ഡിസംബർ 17 മുതലാണ് മസ്കത്തിലേക്ക് സർവിസ് ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തുന്നുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 34.400 റിയാലാണ്.