കോവിഡിനെതിരെ ഒമാനിൽ ഇതുവരെ നൽകിയത് ഏഴ് ദശലക്ഷത്തോളം വാക്സിനുകൾ
|ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്
ഒമാനിൽ കോവിഡ് മഹമാരിക്കെതിരെ ഇതുവരെ നൽകിയത് ഏഴ് ദശലക്ഷത്തോളം വാകസിനുകൾ. ഒമാനിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് ആശുപത്രിവാസങ്ങൾ കുറക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേക ക്യാമ്പയിൻ ഒരുക്കിയാണ് വാക്സിനേഷൻ നടക്കുന്നത്. രാജ്യത്ത് ഒമിക്രോണിനെ തുടർന്ന് കോവിഡ് കേസുകൾ ജനുവരിയിലായിരുന്നു ഉയരാൻ തുടങ്ങിയത്. തുടക്കത്തിൽ നൂറും ഇരുന്നൂറും കേസുകൾ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് 2000ന് മുകളിലേക്ക് പ്രതിദിനകേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയുണ്ടായി.
ഇതോടെ ആശുപത്രിവാസവും മരണ നിരക്കും കുതിച്ചുയരാൻ തുടങ്ങി. ഇപ്പോൾ പത്തിൽ താഴെ ആളുകളെ മാത്രം ആശുപതിയിൽ പ്രവേശിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നിയന്ത്രണധീതാമായിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ഉയർന്ന വാക്സിനേഷന്റെ ഫലമാണെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥർ ചൂണ്ടികാട്ടുന്നത്. അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഒമാനിൽ നാലാം ഡോസ് വാക്സിൻ നൽകുന്നതിനെ കുറിച്ചും പഠനം നടക്കുന്നുണ്ട്.