ശഹീൻ ചുഴലിക്കാറ്റിൽ ഒമാനിൽ വൻ നാശനഷ്ടം; രക്ഷാപ്രവർത്തനങ്ങളുമായി പ്രവാസികൾ
|ദുരിത മേഖലകളിൽ പ്രവാസി വെൽഫെയർ പ്രവർത്തകർ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്
ഒമാനിലെ മുസന്നയിൽ ഞായറാഴ്ച രാത്രി ഉണ്ടായ ശഹീൻ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മുസന്ന മുതൽ കാബൂറ വരെയുള്ള മേഖലകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു ശക്തമായ കാറ്റിൽ കേടുപാടുകൾ സംഭവിച്ചു.തർമത്ത്, സുവൈഖ്, ഖദറ മുതലായ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ ഒറ്റപ്പെട്ടു. ഖദറ, കബൂറ പ്രദേശങ്ങളിൽ നിലവിൽ ധാരാളം കുടുംബങ്ങൾക്ക് വീട്ടിലേക്ക് തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയാണ്.
നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ പ്രവാസി വെൽഫെയർ ഒമാൻ ഭാരവാഹികള്‍ സന്ദർശിച്ചു. പ്രവാസി വെൽഫെയറിന്റെ സേവന പ്രവര്‍ത്തകര്‍ ഖദറ മേഖലയിൽ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.
മസ്കത്തിൽ നിന്നുള്ള മൂന്ന് സംഘങ്ങൾ അടിയന്തരമായി തർമത്ത് മേഖലയിൽ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വരും ദിവസങ്ങളിൽ വെളളം കയറിയവരുടെ വീടുകൾ വൃത്തിയാക്കുവാന്‍ പ്രവാസി വെൽഫെയറിന്റെ സേവനം ലഭിക്കുമെന്നും മേഖല സെക്രട്ടറി അർഷാദ് വളാഞ്ചേരി അറിയിച്ചു.
കഴിഞ്ഞ 3 ദിവസമായി പ്രവർത്തിക്കുന്ന കേന്ദ്ര ഹെല്‍പ്പ് ലൈൻ സംവിധാനം നിരവധി പ്രവാസികൾക്ക് ഉപകാരപ്രദമായതായും ജനസേവന കമ്മറ്റി കൺവീനർ സഫീർ നരിക്കുനി അറിയിച്ചു. സേവന പ്രവർത്തങ്ങൾക്ക് മുനീർ മാസ്റ്റർ ,ഷെമീം,സാദിക്ക് നെല്ലിക്കുഴി,സഫ്വാൻ,നസറുദ്ദീൻ,നൂറുദീൻ,ഷെമീർ കൊല്ലക്കാൻ എന്നിവർ നേതൃത്വം നൽകി.