ഷഹീൻ ചുഴലിക്കാറ്റ്; ബാധിച്ചത് 22,000 ത്തിലേറെ പേരെ
|മലയാളികളടക്കമുള്ളവരുടെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ തകർന്നിരുന്നു
ഒക്‌ടോബർ 19 വരെയുള്ള കണക്ക് പ്രകാരം ഷഹീൻ ചുഴലിക്കാറ്റ് ബാധിച്ചത് ഒമാനിലെ 22,000 ത്തിലേറെ പേരെയെന്ന് എമർജൻസി മാനേജ്‌മെൻറ് കമ്മിറ്റി അറിയിച്ചു. ബാത്തിന ഗവർണറേറ്റിൽ വിവിധ വിലായത്തുകളിലാണ് ഷഹീൻ ചുഴലിക്കാറ്റിന്റെ ആഘാതം നേരിട്ടതെന്നും എമർജൻസി അറിയിച്ചു. ഒമാനിലെ മുസന്നയിൽ 4,175, സുവൈഖിൽ11,801, ഖാബൂറയിൽ 5,791, സഹം 1040 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ ഫീൽഡ് ടീമിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് എമർജൻസി മാനേജ്‌മെൻറ് കമ്മിറ്റി അറിയിച്ചു.
വെള്ളം കയറി നിരവധി വീടുകളാണ് ബാത്തിന ഗവർണറേറ്റിൽ വാസയോഗ്യമല്ലാതായിരിക്കുന്നത്. മലയാളികളടക്കമുള്ളവരുടെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും തകർന്നിരുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ നാശനഷ്ടം നേരിട്ട രണ്ട് അണക്കെട്ടുകളുടെയും 25 ഫലജുകളുടെയും നവീകരണത്തിനായി 2.5 ദശലക്ഷം റിയാൽ കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.