കുത്തനെയുയർന്ന് വിമാന ടിക്കറ്റ് നിരക്ക്: ഒമ്പത് ദിവസം ഈദ് അവധിയുണ്ടായിട്ടും നാട്ടിൽ പോകാനാകാതെ പ്രവാസികൾ
|ഒമാനിൽ ബലിപെരുന്നാളിന് വാരാന്ത്യമടക്കം ജൂൺ 14 വെള്ളിയാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെ അവധി ലഭിക്കും
മസ്കത്ത്: വിമാന ടിക്കറ്റ് നിരക്ക് കുത്തനെയുയർന്നതോടെ ഒമ്പത് ദിവസം ഈദ് അവധിയുണ്ടായിട്ടും നാട്ടിൽ പോകാനാകാതെ പ്രവാസികൾ. അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രവാസികളിൽ പലരും. എന്നാൽ വിമാന ടിക്കറ്റ് നിരക്ക് ഏറെ കൂടിയതോടെ ആ മോഹം ഉപേക്ഷിച്ച മട്ടാണ്. ടൈംസ് ഓഫ് ഒമാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആവശ്യക്കാർ വർധിച്ചത് വിമാന ടിക്കറ്റ് നിരക്കുകളിൽ പലമടങ്ങ് വർധനവുണ്ടാക്കുകയും കൂടുതൽ ആവശ്യക്കാരുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായി ബുക്ക് ചെയ്യപ്പെടുകയും ചെയ്തതായി ദി അറേബ്യൻ സ്റ്റോറീസ് റിപ്പോർട്ട് ചെയ്തു.
'എയർലൈൻ നിരക്കുകൾ ഒരു നിശ്ചിത നിരക്കിലായിരിക്കില്ല. കൊച്ചി പോലുള്ള ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വൺ-വേ ടിക്കറ്റ് നിരക്ക് ഡിമാൻഡും ലഭ്യതയും അനുസരിച്ച് 300 റിയാൽ അല്ലെങ്കിൽ അതിൽ കൂടുതലോ വരെ ഉയരും' ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നയാൾ പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മത്സരം കുറഞ്ഞ കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ പോലും യാത്രാനിരക്കിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. കൊച്ചി പോലെയുള്ള ഒന്നിലധികം കാരിയറുകളുള്ള റൂട്ടുകൾ കുറച്ചുകൂടി മത്സരാധിഷ്ഠിത നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
കൊച്ചിയിലേക്കുള്ള വൺ-വേ നിരക്ക് നിലവിൽ ഏകദേശം 150 റിയാലാണ്. 230 റിയാൽ വരെ എത്തുന്ന നിരക്കുകളമുണ്ട്. കുത്തനെ വർധിപ്പിച്ച നിരക്കാണെങ്കിലും പലരും 300 റിയാലിന് വരെ ടിക്കറ്റെടുക്കാൻ തയ്യാറാണ്. വിമാനങ്ങൾ പൂർണമായും ബുക്കിംഗ് ലഭിച്ചുകഴിഞ്ഞതായും പറയുന്നു.
'ഞാൻ ഇന്ത്യയിലേക്ക് പോകണമെന്ന് കരുതിയിരുന്നു, പക്ഷേ നിരക്ക് സാധാരണ വിലയേക്കാൾ 400 ശതമാനം കൂടുതലാണ്' ഇന്ത്യൻ പ്രവാസി രവി കിഷൻ പറഞ്ഞതായി ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തു. 'ഞാൻ ഇന്ത്യയിലെ പട്നയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിച്ചു, പക്ഷേ വിമാന നിരക്ക് വളരെ കൂടുതലാണ്, അതിനാൽ ഞാൻ എന്റെ യാത്രാ പദ്ധതി ഉപേക്ഷിച്ചു' ഇന്ത്യൻ പ്രവാസിയായ പി കുമാർ പറഞ്ഞു.
മസ്കത്തിൽ നിന്ന് പട്നയിലേക്കുള്ള വിമാനനിരക്ക് സാധാരണയായി 120 ഒമാൻ റിയാൽ മുതൽ 140 ഒമാൻ റിയാൽ വരെയാണെന്നും എന്നാൽ ഇത്തവണ അത് 300 ഒമാൻ റിയാൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് പോകുന്നതിനുപകരം, അദ്ദേഹം തന്റെ സുഹൃത്തുക്കളോടൊപ്പം ദാമിനിയത്ത് ദ്വീപുകളിലേക്ക് പോകുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
'ഞങ്ങൾ ഒരു ടൂർ ഗൈഡുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്, ഞങ്ങളുടെ മുഴുവൻ താമസവും അദ്ദേഹം നോക്കും. ഈ ദിവസങ്ങളിൽ ഇവിടെ വളരെ ചൂടാണ്, അതിനാൽ നീന്തലും സ്നോർക്കെല്ലിംഗുമായി ഞങ്ങൾ ദിവസം ചെലവഴിക്കും. അത് രസകരമായിരിക്കും' അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തോടൊപ്പം ജബൽ അഖ്ദർ സന്ദർശിക്കുമെന്ന് പാകിസ്താനിൽ നിന്നുള്ള കാബൂൾ ഖാൻ പറഞ്ഞു.
ഈദുൽ അദ്ഹ അവധി ജൂൺ 16 ഞായറാഴ്ച ആരംഭിച്ച് ജൂൺ 20 വ്യാഴാഴ്ച അവസാനിക്കും, വാരാന്ത്യമടക്കം ജൂൺ 14 വെള്ളിയാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെ അവധി ലഭിക്കും.