ഒമാനിൽ സുഹൈൽ നക്ഷത്രം കണ്ടു; കൊടും വേനൽ ചൂടിന് അറുതിയാകുന്നു
|സുഹൈൽ സീസൺ 53 ദിവസം നീണ്ടുനിൽക്കും
മസ്‌കത്ത്: കൊടും വേനൽ ചൂടിന് അറുതിയാകുന്നതിന്റെയും മിത കാലാവസ്ഥയുടെ തുടക്കത്തിന്റെയും സൂചകമായി കണക്കാക്കപ്പെടുന്ന സുഹൈൽ നക്ഷത്രം ഒമാനിൽ പ്രത്യക്ഷപ്പെട്ടു. നക്ഷത്രം പ്രത്യക്ഷപ്പെട്ടതായി ഒമാൻ ആസ്‌ട്രോണമിക്കൽ സൊസൈറ്റിയിലെ സാലിം സെയ്ഫ് അൽസിയാബി സ്ഥിരീകരിച്ചതായി ഒമാൻ ഒബ്‌സർവർ റിപ്പോർട്ട് ചെയ്തു. സുഹൈൽ സീസൺ 53 ദിവസം നീണ്ടുനിൽക്കും.
അറേബ്യൻ ഉപദ്വീപിന്റെ തെക്കും വടക്കും നക്ഷത്രത്തിന്റെ രൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും, ആഗസ്റ്റ് 24 നാണ് ഇത് സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. ഭൂമിയിൽ നിന്ന് 313 പ്രകാശവർഷം അകലെയാണ് സുഹൈൽ നക്ഷത്രം.
ജിസിസി രാജ്യങ്ങളിൽ ചൂടിനും ഹുമിഡിറ്റിക്കും ആശ്വാസമാകുന്നത് സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെയാണ്. സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്. 53 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രത്തിന്റെ കാലയളവിനെ നാല് ഘട്ടങ്ങളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും.
അറബിയിൽ അൽ തർഫ, അൽ ജബ്ഹ, അൽ സെബ്‌റ, അൽ സെർഫ എന്നിവയാണ് സുഹൈൽ നക്ഷത്രത്തിന്റെ നാല് ഘട്ടങ്ങൾ. ആദ്യ ഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. അൽ സെർഫയിലേക്ക് എത്തുന്നതോടെ ചൂടും ഈർപ്പവും കുറഞ്ഞ് അന്തരീക്ഷം തണുപ്പിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിനും ഹ്യൂമിഡിറ്റിക്കും സുഹൈൽ നക്ഷത്രത്തിന്റെ വരവ് ആശ്വാസമാകും. അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളുമുണ്ട്.