Oman
Suhar-Abu Dhabi International Railway will be operational this year, authorities said
Oman

ഒന്നര മണിക്കൂർ കൊണ്ട് സുഹാർ- അബൂദബി യാത്ര;അന്താരാഷ്ട്ര തീവണ്ടിപ്പാത ഈ വർഷം നടപ്പാകുമെന്ന് അധികൃതർ

Web Desk
|
22 April 2024 11:14 AM GMT

303 കിലോമീറ്റർ വരുന്ന റെയിൽവേ പദ്ധതി ഒമാനിലെ സുഹാറിനെ അബൂദബിയുമായി പാസഞ്ചർ ട്രെയിനുകൾ വഴി ബന്ധിപ്പിക്കും

മസ്‌കത്ത്: സുഹാർ-അബൂദബി അന്താരാഷ്ട്ര തീവണ്ടിപ്പാത ഈ വർഷം നടപ്പാകുമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം(MoTCIT). ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിൽ റെയിലിന്റെയും ഇടയിലുള്ള കരാർ പ്രകാരം നിർമിച്ച സംയുക്ത സംരംഭമായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി (OERC) യാണ് സാമ്പത്തികം, രൂപകല്പന, വികസനം, പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ പദ്ധതിയുടെ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

303 കിലോമീറ്റർ വരുന്ന ഈ റെയിൽവേ പദ്ധതി ഒമാനിലെ സുഹാറിനെ അബൂദബിയുമായി പാസഞ്ചർ ട്രെയിനുകൾ വഴി ബന്ധിപ്പിക്കും. ഇതോടെ യാത്രാ സമയം ഒരു മണിക്കൂർ 40 മിനിറ്റായി കുറയ്ക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. സുഹാറിനും അൽഐനും ഇടയിലുള്ള യാത്രാ സമയം 47 മിനിറ്റായി കുറയുമെന്നും ചൂണ്ടിക്കാട്ടുന്നു. മണിക്കൂറിൽ 200 കിലോമീറ്ററാണ് പരമാവധി വേഗത. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീ വരെ വേഗതയിൽ ഓടും. പദ്ധതിക്കായി മൂന്നു ബില്യൺ ഡോളറിന്റെ കരാറിൽ ഒഇആർസിയും മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയും (മുബാദല) ഒപ്പുവച്ചിട്ടുണ്ട്. വർക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണം, സംയുക്ത സമിതി, സാമ്പത്തിക സാധ്യതാ പഠനം വികസിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് സഹകരണ കരാർ.

പ്രതിദിനം 12,000 യാത്രക്കാരെയും 2,50,000 കണ്ടെയ്നറുകളെയും എത്തിക്കാനുള്ള ശേഷി റെയിൽവേ ലൈൻ പ്രവർത്തനത്തിന്റെ തുടക്കത്തിൽ ഉണ്ടായിരിക്കും. സ്റ്റേഷൻ നിർമാണം, ചരക്ക് നീക്കത്തിനുള്ള സൗകര്യങ്ങൾ, റോളിംഗ് സ്റ്റോക്ക് മെയിന്റനൻസ് ഡിപ്പോ എന്നിവ നിർമിക്കുന്നതിനുള്ള ടെൻഡറിന് മുൻകൂർ യോഗ്യത നേടാനും ഒ.ഇ.ആർ.സി ലേലക്കാരെ ക്ഷണിച്ചിട്ടുണ്ട്. റോഡ് നിർമാണം, ട്രാക്ക് പ്രവൃത്തി, റോഡ് -റെയിൽവേ ലൈൻ ഡ്രെയിനേജ് പ്രവൃത്തി തുടങ്ങിയവ ടെട്രാതുർക്ക് ഇന്റർനാഷണൽ എൻജിനീയറിങ് ആൻഡ് കൺസൾട്ടൻസി കമ്പനി രൂപകൽപ്പന ചെയ്യും.

2022 സെപ്തംബറിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ ഒമാൻ സന്ദർശനത്തിനിടെയാണ് റെയിൽവേ പദ്ധതി ആരംഭിച്ചത്. വിശാല ജിസിസി റെയിൽവേ ശൃംഖല 2030 ഡിസംബറോടെ പ്രവർത്തനക്ഷമമാക്കണമെന്നാണ് കഴിഞ്ഞ വർഷം ജിസിസി ഗതാഗത, വാർത്താവിനിമയ മന്ത്രിമാരുടെ സമിതി തീരുമാനിച്ചിരിക്കുന്നത്. സൗദി അറേബ്യ തങ്ങളുടെ പ്രദേശത്ത് 200 കിലോമീറ്റർ ട്രാക്ക് പൂർത്തിയാക്കിയതോടെ ജിസിസി റെയിൽവേ പ്രവൃത്തി വേഗത്തിലായിരിക്കുകയാണ്.

പഠനങ്ങളുടെ പൂർത്തീകരണം, യാത്രക്കാരുടെ എണ്ണം, ചരക്ക് സംബന്ധിച്ച എസ്റ്റിമേറ്റ്, ഗൾഫ് റെയിൽവേ അതോറിറ്റി സംസ്ഥാപനം എന്നിവ ഉൾപ്പെടെയുള്ള പദ്ധതിയിലെ നിരവധി ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്. ഏകദേശം 15 ബില്യൺ ഡോളറാണ് പദ്ധതി പൂർണമായി നടപ്പാക്കുന്നതിന്റെ ചെലവായി കണക്കാക്കപ്പെടുന്നത്. പദ്ധതി പ്രവർത്തിപ്പിക്കുന്നതിന് പൗരന്മാരെ പരിശീലിപ്പിക്കുന്നതിനും റെയിൽവേയിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കുന്നതിനും അംഗരാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി സ്ഥാപിക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നേതാക്കളും അംഗീകാരം നൽകിയിരുന്നു. കുവൈത്ത് സിറ്റിയിൽനിന്ന് തുടങ്ങുന്ന നിശ്ചിത റെയിൽവേ ലൈൻ സൗദി അറേബ്യയിലെ ദമ്മാം, അൽ ബത്ത തുറമുഖം, യു.എ.ഇയിലെ അബൂദബി, അൽ ഐൻ എന്നിവിടങ്ങളിലൂടെയാണ് സുഹാർ വഴി ഒമാനിലേക്ക് പ്രവേശിക്കുക. നിർദ്ദിഷ്ട കിംഗ് ഹമദ് കോസ്വേ വഴി ദമ്മാമിൽനിന്ന് ബഹ്റൈനിലേക്കും സൽവ തുറമുഖം വഴി ഖത്തറിലേക്കും റെയിൽവേ ശാഖകൾ ബന്ധിപ്പിക്കും. നിർദിഷ്ട ഖത്തർ-ബഹ്റൈൻ കോസ്‌വേ അധിക കണക്റ്റിവിറ്റി നൽകും. ട്രാക്കിന്റെ ആകെ നീളം 2,117 കിലോമീറ്ററായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ജി.സി.സിയുടെ വെബ്സൈറ്റ് അനുസരിച്ച്, പാസഞ്ചർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ ഏകദേശം 220 കിലോമീറ്ററായിരിക്കും. മണിക്കൂറിൽ 80 മുതൽ 120 കി.മീ വരെ വേഗത്തിലായിരിക്കും ചരക്ക് ട്രെയിനുകൾ സഞ്ചരിക്കുക.

Suhar-Abu Dhabi International Railway will be operational this year, authorities said

Similar Posts