ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
|ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള പാതകൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള പാതകൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി.
നേരത്തെ സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപത്രി ഭവനിൽ ഔദ്യോഗിക സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ഔദ്യോഗിക ചടങ്ങുകളൊടെയാണ് രാഷ്ട്രപതി ഭവനിലേക്ക് സുൽത്താനെ ആനയിച്ചത്. ഗാർഡ് ഓഫ് ഓണറും സുൽത്താൻ പരിശോധിച്ചു.
സുൽത്താനെ വഹിച്ചുള്ള വാഹനം രാഷ്ട്രപതി ഭവന്റെ കവാടത്തിൽ പ്രവേശിച്ചപ്പോൾ അഭിവാദ്യമർപ്പിച്ച് പീരങ്കികൾ ഇരുപത്തിയൊന്ന് റൗണ്ട് വെടിയുതിർത്തു. സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു. ഉന്നതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് മടങ്ങും.