കോവിഡ്; അടുത്ത ഘട്ടത്തെ നേരിടാന്‍ ആഹ്വാനം ചെയ്ത് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം
|മഹാമാരിയില്‍ കൃത്യമായ വിവരങ്ങളും ബോധവത്കരണവും നൽകിയ മാധ്യമങ്ങൾക്കും സുല്‍ത്താന്‍ നന്ദി അറിയിച്ചു.
കോവിഡ് മഹാമാരിയുടെ അടുത്ത ഘട്ടത്തെ നേരിടുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് കോവിഡ് സുപ്രീം കമ്മിറ്റിക്ക് നിർദേശം നൽകി. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന് ഒപ്പം സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന രീതിയിലും വേണം നടപടികൾ കൈകൊള്ളാനെന്നും സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സുൽത്താൻ പറഞ്ഞു.
സലാലയിലെ അൽ മാമൂറ കൊട്ടാരത്തിൽ നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും പുതിയ സ്ഥിതിഗതികളും അവലോകനം ചെയ്തു. രോഗികളുടെ എണ്ണത്തിലെ കുറവിന് ദൈവത്തിന് നന്ദി പറഞ്ഞ സുൽത്താൻ ദേശീയ വാക്സിനേഷൻ യജ്ഞത്തിന്‍റെ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
സ്വദേശികൾക്കും വിദേശികൾക്കും ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സേവനങ്ങളും ആരോഗ്യ പരിചരണങ്ങളും ലഭ്യമാക്കിയ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സുൽത്താൻ രാജകീയ നന്ദി അറിയിക്കുകയും ചെയ്തു.
മഹാമാരിയില്‍ കൃത്യമായ വിവരങ്ങളും ബോധവത്കരണവും നൽകിയ മാധ്യമങ്ങൾ, സാഹചര്യങ്ങൾ മനസിലാക്കി സഹകരിച്ച ബിസിനസ് സമൂഹം, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവക്കും അദ്ദേഹം നന്ദി പറഞ്ഞു.