വേനലവധി കഴിഞ്ഞു; ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ അധ്യായനം പുനരാരംഭിച്ചു
|സ്കൂളുകൾ തുറന്നെങ്കിലും ചൂടിന് കുറവില്ല
മസ്കത്ത്: വേനലവധി ശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ അധ്യായനം പുനരാരംഭിച്ചു. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഒമാനിൽ ചൂട് കാര്യമായി കുറഞ്ഞിട്ടില്ല. ഒമാനിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂൾ മസ്കത്തിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ഇന്ത്യക്കാരായ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ വർഷം ഇന്ത്യൻ സ്കൂൾ മസ്കത്തിൽ വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടില്ല. ഇന്ത്യൻ സ്കൂൾ സീബിൽ ഞായറാഴ്ച മുതൽ ക്ലാസുകൾ തുടങ്ങിയിരുന്നു. ഇന്ത്യൻ സ്കൂൾ ദാർസൈത്ത് ചൊവ്വാഴ്ചയും ഇന്ത്യൻ സ്കൂൾ ഗൂബ്ര ആഗസ്റ്റ് നാലിനും തുറന്ന് പ്രവർത്തിക്കും. മറ്റ് ഇന്ത്യൻ സ്കൂളുകളും അടുത്ത ആഴ്ചയോട് കൂടി പൂർണമായി പ്രവർത്തിക്കാൻ തുടങ്ങും. അതേസമയം, വേനൽ അവധി കഴിഞ്ഞ് സ്കുളുകൾ തുറന്നെങ്കിലും കനത്ത ചൂടാണ് പലയിടത്തും അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ചൂട്. കനത്ത ചൂട് വിദ്യാർഥികളെ ബാധിക്കുന്നതിനെ കുറിച്ച് ആശങ്കയിലാണ് രക്ഷിതാക്കൾ. അടുത്ത മാസത്തോടെ ചുട് കുറയുമെന്നാണ് പ്രതീക്ഷിക്കിക്കുന്നത്. സ്കൂളുകൾ തുറന്നതോടെ നാട്ടിൽ പോയ കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തി തുടങ്ങി. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലും നഗരങ്ങളിലും സൂഖുകളിലും തിരക്കും വർധിച്ചു.