മഴക്കെടുതി; ഒമാനിലെ മരണസംഖ്യ 13 ആയി
|സമദ് അൽഷാനിലെ വാദിയിലുണ്ടായ അപകടത്തിൽ ഒമ്പത് വിദ്യാർഥികളടക്കം 12 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു
മസ്‌കത്ത്: ഒമാനിൽ മഴയെ തുടർന്ന് ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായ ഒരാളുടെ മൃതദേഹം കൂടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സംഘം കണ്ടെത്തിയതോടെയാണ് എണ്ണം വർധിച്ചത്. സമദ് അൽഷാനിലെ വാദിയിലുണ്ടായ അപകടത്തിൽ ഒമ്പത് വിദ്യാർഥികളടക്കം 12 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മുദൈബി വിലായത്തിലെ ഒരു കുഞ്ഞടക്കം മൂന്നുപേർക്കായി തെരച്ചിൽ തുടരുകയാണ്.
സമദ് അൽഷാനിലെ വാദിയിൽ അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെ വാഹനത്തിൽനിന്ന് രണ്ട് പേരെ പൊലീസ് ഏവിഷേൻ സംഘം ഞായറാഴ്ച രക്ഷിച്ചിരുന്നു. സമദ് അൽഷാൻ വാദി അപകടകരമായ നിലയിൽ ഒഴുകിയതിനെ തുടർന്ന് മുദൈബിയിലെ റൗദ സ്‌കൂൾ കെട്ടിടം മഴവെള്ളത്തിൽ മുങ്ങുകയായിരുന്നു. തുടർന്ന് നിരവധി പേർ സ്‌കൂളിനുള്ളിൽ കുടുങ്ങി. പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ ഒഴുകിപ്പോകുകയും ചെയ്തു.
പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാറാണ് ബിദിയയിലെ സനയയ്യിൽ മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്‌ഷോപ്പിന്റെ മതിൽ തകർന്നാണ് അപകടം. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.