കുവൈത്തിലെ മത്സ്യ വിപണിയിൽ ആവശ്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു
|പ്രാദേശിക മത്സ്യങ്ങളുടെ ലഭ്യതക്കുറവ്, കടുത്ത ചൂട്, അവധിക്കാലം എന്നിവയാണ് വിപണിയിലെ ഇടിവിന് കാരണം
കുവൈത്ത് സിറ്റി : കുവൈത്തിലെ മത്സ്യ വിപണിയിൽ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു. ഇറക്കുമതി ചെയ്ത മീനുകൾക്ക് ആവശ്യം കൂടുതലായതോടൊപ്പം നാടൻ മീനുകളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണം. കനത്ത ചൂടും, വേനലവധിക്കാലവും, നിരവധി പേർ വിദേശത്തേക്ക് പോയതും ആവശ്യക്കാർ കുറയാൻ കാരണമായി.
ജൂലൈ ആദ്യം മുതൽ പ്രാദേശികമായി മീഡ് എന്നറിയപ്പെടുന്ന മീൻ പിടിക്കാൻ അനുമതി ലഭിച്ചിട്ടും വിപണിയിൽ അതിന്റെ ലഭ്യത കുറവാണ്. ലഭിക്കുന്ന മീഡ് മത്സ്യങ്ങൾ വളരെ ഉയർന്ന വിലയ്ക്ക് വിൽക്കേണ്ടി വരുകയും ചെയ്യുന്നു. ഒരു കിലോയ്ക്ക് 6 ദിനാർ വരെയാണ് നിലവിൽ ഈടാക്കുന്നത്.
പ്രാദേശിക മത്സ്യങ്ങൾ കൂടുതൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് മത്സ്യക്കച്ചവടക്കാരും മത്സ്യത്തൊഴിലാളികളും ഗവൺമെന്റ്ിനോട് ആവശ്യപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മീൻ ലഭ്യമാക്കാനും നാടൻ മത്സ്യ മേഖലയുടെ വികസനത്തിനും സഹായകമാകും.