'ഹീൽമി കേരള'യുടെ ഒന്നാം പതിപ്പ് സമാപിച്ചു
|ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'ഹീൽമി കേരള'യുടെ ഒന്നാം പതിപ്പിന് സമാപനമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന മൂന്ന് ദിവസത്തെ പ്രദർശന പരിപാടിയിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിരങ്ങളാണ് സന്ദർശിച്ചത്.
കേരളത്തിൽനിന്നുള്ള 40ൽ അധികം ആരോഗ്യസ്ഥാപനങ്ങളാണ് ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഹീൽമി കേരളയുടെ ഭാഗമായി പങ്കെടുത്തത്. പ്രമേഹം, നടുവേദന, വന്ധ്യത, നേത്ര രോഗം, ഇ.എൻ.ടി, ആയൂർവേദം, യൂനാനി തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാക്കിയിരുന്നു.
സ്റ്റാളുകളിലൂടെ തങ്ങളുട സേവനങ്ങളെയും നൂതന ചികിത്സാ സൗകര്യങ്ങളേയും ഒമാനി സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താൻ പ്രദർശകർക്ക് സാധിക്കുകയും ചെയ്തു. സ്വദേശി പൗരൻമാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് പ്രദർശനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് 'ഗൾഫ് മാധ്യമം' ഹീൽമി കേരള പവലിയനിലൂടെ ലക്ഷ്യമിട്ടിരുന്നത്. മൂന്ന് ദിവസത്തെ മേളയിൽ ഇന്ത്യ, തായ്ലാൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 150ൽ അധികം പ്രദർശകരാണ് പങ്കെടുത്തത്.