ഒമാൻ വിദേശകാര്യ മന്ത്രിയുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ചർച്ച നടത്തി
|ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. സമാധാന പ്രക്രിയ പുനരാരംഭിക്കാനായി അന്താരാഷ്ട്ര സമൂഹം ഇടപ്പെടണമെന്നും ഫലസ്തീനിൽ തുടരുന്ന സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഗാസയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ അപകടകരമായ സാഹചര്യത്തെക്കുറിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ചർച്ച നടത്തി.
ഗാസയിലെ സിവിലിയൻ ജനസംഖ്യയെ ഇല്ലാതാക്കുന്ന പ്രവൃത്തിയെ കുറിച്ച് ഇരുപക്ഷവും ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തേണ്ട അടിയന്തിര ആവശ്യത്തെ പറ്റിയും മാനുഷിക ആവശ്യങ്ങൾക്കായി പാതകകൾ തുറന്നുകൊടുക്കുന്നതിനെകുറിച്ചും വൈദ്യുതി, ജല സ്റ്റേഷനുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇരുവരും സംസാരിച്ചു.
ഫലസ്തീൻ പ്രദേശങ്ങളിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസിയും ഫോണിലൂടെ സംസാരിച്ചു. ഒമാനും ഇറാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫലപ്രദമായ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ പറ്റിയും ഇരുവരും ചർച്ച ചെയ്തു.