കത്തിനശിച്ച ചരക്ക് കപ്പലിലെ തൊഴിലാളികളെ നാട്ടിലേക്കയച്ചു
|ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത് കത്തി നശിച്ച ചരക്ക് കപ്പലിൽനിന്ന് രക്ഷപ്പെട്ട പത്ത് ഗുജറാത്ത് സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.
ഇനി ക്യാപ്റ്റൻ മാത്രമാണ് ബാക്കിയുള്ളത്. അമിത ഭാരവുമായെത്തി എന്ന കുറ്റം ചുമത്തി ആർ.ഒ.പി ഇദ്ദേഹത്തിന്‍റെ പാസ്പോർട്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. ആർ.ഒ.പി ഓപ്പറേഷൻ ഹെഡ്ന് പ്രത്യക അപേക്ഷ നൽകിയിട്ടുണ്ട്. തുടർ നടപടിയുണ്ടാകുന്നതിനനുസരിച്ച് ഇദ്ദേഹത്തെയും കയറ്റി അയക്കുമെന്ന് ഡോ. കെ.സനാതനൻ അറിയിച്ചു.
ദുബൈയിൽനിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ കപ്പൽ ‘വിരാട് 3-2120’ ആണ് ഹാസിക്കിനു സമീപം ദിവസങ്ങൾക്ക്മുമ്പ് ഉൾക്കടലിൽ കത്തി നശിച്ചത്. ക്യാപ്റ്റൻ ഗത്താർ സിദ്ദീഖ് ഉൾപ്പടെ പതിനൊന്നു പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ചരക്ക് കപ്പലിലുണ്ടായിരുന്ന 80 വാഹങ്ങളും കെട്ടിട സാമഗ്രികളു കത്തിനശിക്കുകയും ചെയ്തു.