വാദീ കബീർ ഇന്ത്യൻ സ്കൂളിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചു
|എല്ലാ മാസവും രണ്ട് റിയാൽ വീതമാണ് ഫീസ് വർധിക്കുക.
മസ്‌കത്ത്: ഒമാനിലെ വാദീ കബീർ ഇന്ത്യൻ സ്കൂളിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചു. ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്ക് ലഭിച്ചു. എല്ലാ മാസവും രണ്ട് റിയാൽ വീതമാണ് ഫീസ് വർധിക്കുക.
പുതിയ അധ്യായന വർഷം മുതലായിരിക്കും ഫീസ് വർധന നടപ്പിൽ വരിക. ഇതോടെ ഒരു വർഷം 24 റിയാലിന്‍റെ അധിക ബാധ്യതയാണ് രക്ഷിതാക്കൾക്കുണ്ടാവുക. നഴ്സറി ക്ലാസിലെ മാസാന്ത ഫീസ് 42 റിയാലായും കെ.ജി ക്ലാസുകളിൽ 50റിയാലായും ഉയരും. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ 52 റിയാലും ആറ് മുതൽ എട്ടുവരെ 53 റിയാലും ഒമ്പതാം ക്ലാസിൽ 56 റിയാലും പത്താം ക്ലാസിൽ 57 റിയാലുമാണ് ഫീസ്.
മറ്റ് ഇന്ത്യൻ സ്കൂളുകളിലും വലിയ മാറ്റമില്ലാത്ത ഫീസുകൾ തന്നെയാണ് ഇടാക്കുന്നത്. സ്കൂളുകളിൽ ട്യൂഷൻ ഫീസിനൊപ്പം അനുബന്ധ ഫീസുകളും നൽകേണ്ടതുണ്ട്. കുട്ടികളുടെ ഗതഗത ഫീസ് കൂടി കണക്ക് കൂട്ടുമ്പോൾ ഒരു കുട്ടിയുടെ വാർഷി വിദ്യഭ്യാസ ചെലവ് ഒന്നര ലക്ഷം ഇന്ത്യൻ രൂപ കടക്കും. ഇതോടൊപ്പമാണ് പല ഇന്ത്യൻ സ്കൂളുകളും വർഷാ വർഷം ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത്.