50 ºC കടക്കുമോ ഒമാനിലെ താപനില? ഹംറാഉദ്ദുറൂഇൽ ഇന്നലെ 49.8 ഡിഗ്രി സെൽഷ്യസ്
|24 മണിക്കൂറിനിടെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു
മസ്കത്ത്: ഉഷ്ണതരംഗത്തെ തുടർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന താപനില. ഏത് നിമിഷവും താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന തരത്തിലാണ് ചൂട് കൂടുന്നത്. ദാഹിറ ഗവർണറേറ്റിലെ ഹംറാഉദ്ദുറൂഅ് സ്റ്റേഷനിൽ തിങ്കളാഴ്ച ഒമാനിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 49.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിലെ എല്ലാ കാലാവസ്ഥാ സ്റ്റേഷനുകളിലും രേഖപ്പെടുത്തിയതിനേക്കാൾ ഏറ്റവും ഉയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 24 മണിക്കൂറിനിടെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനിലയും കേന്ദ്രം പുറത്തുവിട്ടു.
അൽ ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ 49.2 ഡിഗ്രി സെൽഷ്യസും അൽവുസ്ത ഗവർണറേറ്റിലെ ഫഹൂദ് സ്റ്റേഷനിൽ 48.0 ഡിഗ്രി സെൽഷ്യസും കാണിച്ചു. ദോഫാർ ഗവർണറേറ്റിലെ മക്ഷിൻ സ്റ്റേഷൻ, അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ സ്റ്റേഷൻ, നോർത്ത് ഷർഖിയ ഗവർണറേറ്റിലെ അൽ ഖാബിൽ, ബിദിയ്യ എന്നിവിടങ്ങളിലെല്ലാം 47.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അൽ ബുറൈമി ഗവർണറേറ്റിലെ അൽ ബുറൈമി സ്റ്റേഷനിലെ 47.7 ഡിഗ്രി സെൽഷ്യസും അടയാളപ്പെടുത്തി.
അതേസമയം, രാജ്യത്തെ ദൽകൂത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 23.5 ഡിഗ്രി സെൽഷ്യസാണ് താപനില. ഖൈറൂൻ ഹീർതി 24.1, ഷലീം 25.0, സയ്ഖ് 25.1 അൽഅഷ്ഹറ 25.3, ദുക്ം 25.4, ഹലാനിയാത് 25.5, മഹൂത് 26.5 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ കുറഞ്ഞ താപനില.