കുവൈത്തിൽ ഒമിക്രോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് അൽ സ്വബാഹ്
|ഗൾഫിൽ സൗദി യുഎഇ എന്നിവിടങ്ങളിലാണ് നിലവിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ആരോഗ്യസാഹചര്യം വിലയിരുത്താൻ കഴിഞ്ഞ ദിവസം കുവൈത്ത് മിനിസ്റ്റീരിയൽ കമ്മിറ്റി യോഗം ചേർന്നിരുന്നു.
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽ സ്വബാഹ്. നിലവിൽ ആശ്വാസകരമായ ആരോഗ്യസാഹചര്യമാണ് രാജ്യത്തുള്ളതെന്നും മറ്റു ഗൾഫ് നാടുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുവൈത്ത് ആർമി ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹ് ഇക്കാര്യം പറഞ്ഞത്. ഇതുവരെ ഒമിക്രോൺ വകഭേദത്തിന്റെ ഒറ്റ കേസുപോലും കുവൈത്തിൽ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. നിലവിൽ രാജ്യത്തെ ആരോഗ്യസാഹചര്യം ഏറെ മെച്ചപ്പെട്ടതും ആശ്വാസം പകരുന്നതുമാണ്. ജിസിസി കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളിലെ ആരോഗ്യസാഹചര്യങ്ങളും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫിൽ സൗദി യുഎഇ എന്നിവിടങ്ങളിലാണ് നിലവിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ആരോഗ്യസാഹചര്യം വിലയിരുത്താൻ കഴിഞ്ഞ ദിവസം കുവൈത്ത് മിനിസ്റ്റീരിയൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. ആഗോള തലത്തിലെ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യ ത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും യോഗാനന്തരം സർക്കാർ വക്താവ് താരിഖ് അൽ മസ്‌റം മാധ്യമങ്ങളെ അറിയിച്ചു . വിദേശത്ത് നിന്നെത്തുന്നവരുടെ ട്രാവൽ ഹിസ്റ്ററി കർശനമായി പരിശോധിക്കാൻ വ്യോമയാന വകുപ്പിനു ആരോഗ്യമന്ത്രി ഡോ. ശൈഖ് ബസ്സിൽ അസ്വബാഹ് നിർദേശം നൽകിയതായും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.