Gulf
Mallika Sarabhai
Gulf

'നമ്മുടേത് സത്യം പറയാൻ ഇഷ്ടപ്പെടാത്ത സമൂഹം, സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു': മല്ലിക സാരാഭായ്

Web Desk
|
11 Nov 2023 8:03 AM GMT

ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ളത് കൊണ്ടാണ് ഗുജറാത്ത് വംശഹത്യക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചതെന്നും മല്ലിക സാരാഭായ്

ഷാർജ: സത്യം പറയാൻ പൊതുവെ ഇഷ്ടപ്പെടാത്ത സമൂഹമാണ് നമ്മുടേതെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ പല പ്രതിസന്ധികളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിഖ്യാത ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. ഷാർജ എക്സ്പോ സെന്ററിൽ നടന്നു വരുന്ന നാൽപത്തി രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താം ദിനത്തിൽ ഇന്റലക്ച്വൽ ഹാളിൽ ഒരുക്കിയ 'ഇൻ എ ഫ്രീ ഫാൾ' സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്.

ആഗോളീയമായി ജനാധിപത്യം വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുവെന്നും മല്ലിക പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ളത് കൊണ്ടാണ് ഗുജറാത്ത് വംശഹത്യക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അതിനു ശേഷം സർക്കാർ തന്നെ വേട്ടയാടാൻ ശ്രമിച്ചു. ഇൻകം ടാക്സ് വകുപ്പ് പിന്നാലെ കൂടി. അതുകൊണ്ട് തന്റെ അമ്മയ്ക്കും ബുദ്ധിമുട്ടുകളുണ്ടായി. പ്രകടമായൊരു വംശീയ വേർതിരിവ് ഗുജറാത്തിലുണ്ടായിരുന്നു. അവിടത്തെ ഷോപ്പുകൾ പോലും ഹിന്ദുവിന്റേതും മുസ്ലിമിന്റേതും എന്ന് കണക്കാക്കുന്നിടത്തേയ്ക്ക് കാര്യങ്ങൾ മാറി. എന്നാൽ, ജോലിയുടെ ഭാഗമായി കേരള കലാമണ്ഡലത്തിൽ എത്തിയപ്പോൾ വലിയ ആശ്വാസം തോന്നി. ഒക്സിജൻ ലഭിച്ചത് പോലെയാണ് തോന്നിയത്. കലാമണ്ഡലത്തിൽ നിന്നും നല്ല അനുഭവങ്ങളാണുണ്ടായത്. നല്ല രീതിയിൽ അതിനെ കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. വയനാട്ടിൽ നിന്നൊരു ആദിവാസി കുട്ടി അവിടെ പഠിക്കാൻ വന്നതും ഹിജാബ് ധരിച്ചൊരു മുസ്ലിം പെൺകുട്ടി കഥകളി പഠിക്കാനെത്തിയതും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്.


കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്ന് മല്ലിക പറഞ്ഞു. അക്കാദമിക രംഗത്തെ കാവിവത്കരണത്തെ എതിർത്തത് കൊണ്ടാണ് 14 വിസിമാരെയും ഗവർണർ പുറത്താക്കിയതെന്ന് മല്ലിക അഭിപ്രായപ്പെട്ടു. എന്നാൽ, അതിനു ശേഷം സർവകലാശാലകളിൽ അതാത് രംഗങ്ങളിൽ വൈദഗ്ധ്യള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് തന്നെ കലാമണ്ഡലത്തിൽ കൊണ്ടുവന്നതെന്ന് പത്മഭൂഷൺ ബഹുമതി ലഭിച്ച മല്ലിക പറഞ്ഞു. അത്തരത്തിൽ തന്നെ നിയമിച്ചതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. കേരള കലാമണ്ഡലം കഥകളിക്ക് വളരെ പ്രശസ്തമാണ്. രാമൻകുട്ടി നായരെയും ഗോപിയാശാനെയും തനിക്ക് നന്നായി അറിയാം. അതുപോലെ തന്നെയാണ് കലാക്ഷേത്രയും ശാന്തിനികേതനുമെല്ലാം. പക്ഷേ, ഇന്ത്യൻ കലകൾ അടിസ്ഥാനപരമായി ബ്രാഹ്മണിക്കലും സ്ത്രീവിരുദ്ധതയുള്ളതും പുരുഷാധിപത്യപരവുമാണ്. അതിൽ നിലവിലൊരു മാറ്റവുമുണ്ടായിട്ടില്ല. ഇന്ത്യൻ കലകളുടെ മർമവും കാതലും നാം ഇപ്പോൾ മനസ്സിലാക്കുന്ന രീതിയിലുള്ളതല്ലെന്നാണ് തന്റെ വീക്ഷണമെന്നും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേത്രി കൂടിയായ മല്ലിക സാരാഭായ് വ്യക്തമാക്കി.

ആഗോളീയമായി മനുഷ്യസമൂഹം വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു. അതിൽ മനുഷ്യത്വമുള്ളവർ വേദനിക്കുന്നു. ഇന്നൊരാൾ എനിക്ക് ദീപാവലി ആശംസ നേർന്നു. എന്നാൽ, ഫലസ്തീനിലും യുക്രൈനിലുമെല്ലാം നിരവധി പേർ ദുരിതമനുഭവിക്കുമ്പോൾ എങ്ങനെ ദീപാവലി ആഘോഷിക്കാനാകും, ആശംസ നേരാനാകും -അവർ ചോദിച്ചു. സമൂഹം കൂടുതൽ അനുകമ്പയോടെ പെരുമാറേണ്ടതുണ്ടെന്നും മല്ലിക നിരീക്ഷിച്ചു.


ജീവിതത്തെ ഒറ്റവാക്കിൽ പറയാമോ എന്ന് അവതാരക ചോദിച്ചപ്പോൾ, 'എ ലൈഫ്' എന്നാണ് മല്ലിക മറുപടി പറഞ്ഞത്. ഡാൻസ് ചെയ്ത കാലത്ത് ധാരാളം മോശം റിവ്യൂസ് വന്നിരുന്ന കാര്യം മല്ലിക ഓർമിച്ചു. പിന്നീട്, ആ മോശം റിവ്യൂസ് വന്ന പത്ര, മാസികാ കട്ടിംഗ്സ് താൻ ബാത് ടബ്ബിൽ എറിഞ്ഞു ജീവിതത്തിലേക്ക് പോവുകയായിരുന്നുവെന്നും അവർ പറഞ്ഞു.

പതിനേഴാം വയസ്സിൽ അഛൻ നഷ്ടപ്പെട്ട താൻ വലിയ മാനസികാഘാതങ്ങളാണ് നേരിട്ടത്. ബ്രെയിൻ ട്യൂമറുണ്ടായിരുന്ന തന്റെ ബാല്യകാലവും മല്ലിക ഓർത്തെടുത്തു.

പീറ്റർ ബ്രൂക്കിന്റെ 'മഹാഭാരതം' നാടകത്തിൽ ദ്രൗപദിയുടെ വേഷം ചെയ്തതോടെയാണ് മല്ലിക സാരാഭായ് പ്രശസ്തയായത്. അതിനു വേണ്ടി ഫ്രഞ്ച് പഠിച്ചിരുന്നു. നിത്യേന ഒരു മണിക്കൂർ എന്ന തോതിൽ മൂന്നാഴ്ച പഠിച്ചപ്പോഴേക്കും നന്നായി ഫ്രഞ്ചിൽ സംസാരിക്കാൻ സാധിച്ചു. ഒരു ഹംഗേറിയൻ ഡോക്ടറായിരുന്നു ഫ്രഞ്ച് പഠിപ്പിച്ചത്. 22 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും താൻ മാത്രമാണുണ്ടായിരുന്നതെന്നും പാരീസിലെ സംസാരം പോലെ താൻ നല്ല ശുദ്ധ ഫ്രഞ്ചിൽ സംസാരിക്കാൻ പഠിച്ചുവെന്നും മല്ലിക സാരാഭായ് പറഞ്ഞു.


ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും ക്ലാസ്സിക്കൽ ഡാൻസർ മൃണാളിനി സാരാഭായിയുടെയും മകളായ മല്ലിക കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും അതിപ്രഗൽഭയാണ്. കലയെ സാമൂഹിക പരിഷ്കരണത്തിന് ഉപയോഗിച്ച മല്ലിക സാരാഭായ് ഗുജറാത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി(ഐഐഎം)ലാണ് പഠിച്ചത്. കേരള കലാമണ്ഡലം ചാൻസലറായ അവർ നിരവധി രാജ്യാന്തര വേദികളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്.

Similar Posts