ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്പോർട്ട് രഹിത യാത്രാസർവീസിന് തുടക്കം
|യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ നൂതനമായ അഞ്ച് സ്മാർട്ട് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്പോർട്ട് രഹിത യാത്രാസർവീസിന് തുടക്കം. ആദ്യഘട്ടത്തിൽ ടെർമിനൽ മൂന്നിലാണ് പുതിയ സേവനം ലഭ്യമാകുക. യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ നൂതനമായ അഞ്ച് സ്മാർട്ട് ഗേറ്റുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്.
ജൈറ്റെക്സ് മേളയിൽ ജി.ഡി.ആർ.എഫ്.എ ആണ് പുതിയ സാങ്കേതിക വിദ്യയുടെ പ്രവർത്തന ലോഞ്ചിങ് പ്രഖ്യാപിച്ചത്. നീണ്ട കാലത്തെ ട്രയലുകളെ തുടർന്നാണ് ഔദ്യോഗികമായി പാസ്പോർട്ട് ഇല്ലാതെ സ്മാർട്ട് ഗേറ്റിലൂടെ കടന്ന് പോകുന്ന നടപടികൾക്ക് തുടക്കമായത്.
സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിന് താമസക്കാർ അവരുടെ പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ ടെർമിനൽ മൂന്നിലെ കൗണ്ടറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഒറ്റത്തവണ രജിസ്റ്റർ ചെയ്താൽ, പിന്നീടുള്ള യാത്രയ്ക്ക് പാസ്പോർട്ട് സ്കാൻ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്ക്രീനിൽ മുഖം കാണിച്ച് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാം. എന്നാൽ, യാത്രികർ യാത്ര രേഖകൾ കയ്യിൽ കരുതണം.
പാസ്പോർട്ട് രഹിത സേവനം ഉപയോഗിക്കുന്നതിന് ക്യാമറയ്ക്ക് മുഖവും ഒപ്റ്റിക് പ്രിന്റും കൃത്യമായി പകർത്താൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഗ്ലാസുകൾ, മുഖംമൂടികൾ, തൊപ്പികൾ എന്നിവ നീക്കം ചെയ്യണം. സമീപഭാവിയിൽ ടെർമിനൽ ഒന്നിലും രണ്ടിലും ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ പദ്ധതിയുള്ളതായി ജി.ഡി.ആർ.എഫ്.എ വെളിപ്പെടുത്തി. അതേസമയം, പാസ്പോർട്ട് സ്കാൻ ചെയ്തു സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്ന സേവനം എല്ലാ ടെർമിനലിലും തുടരും. ഇതിനുള്ള 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടങ്ങളിൽ ഉള്ളത്.
ഇതുൾപ്പെടെ 11 പുതിയ സാങ്കേതിക വിദ്യ പദ്ധതികളാണ് ജൈറ്റെക്സ് ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചത്. വിപുലീകരിച്ച ആപ്ലിക്കേഷൻ, പാസ്പോർട്ട് രഹിത യാത്രയ്ക്കുള്ള സ്മാർട്ട് ഗേറ്റ്, വീഡിയോ കോൾ സേവനം, ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പദ്ധതികളുടെ പ്രദർശനവും വിവരണവുമാണ് മേളയിൽ നടന്നത്.