Gulf
ഭിന്നശേഷിക്കാർ ലോകകപ്പ് ഉദ്ഘാടനത്തിൽ; ഖത്തറിന് അഭിവാദ്യമർപ്പിച്ച് മുതുകാട്
Gulf

ഭിന്നശേഷിക്കാർ ലോകകപ്പ് ഉദ്ഘാടനത്തിൽ; ഖത്തറിന് അഭിവാദ്യമർപ്പിച്ച് മുതുകാട്

Web Desk
|
21 Nov 2022 5:29 PM GMT

ജനുവരി 14ന് ഒരുക്കുന്ന ‘എംപവറിംങ് വിത്ത്‌ ലൗ’എന്ന പരിപാടിയിൽ ഭിന്നശേഷിക്കാരടക്കം 33 കുട്ടികൾ കലാപ്രകടനങ്ങൾ അവതരിപ്പിക്കും.

ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്താഹിനെ ലോകകപ്പ് ഉദ്ഘാടന വേദിയിലെത്തിച്ച ഖത്തറിന്റെ നടപടി ലോകോത്തര മാതൃകയാണെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. തീരുമാനത്തിന് ഖത്തറിനെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഐ.പി.എ ഭിന്നശേഷിക്കാരായ കലാകാരൻമാരെ അണിനിരത്തി ജനുവരിയിൽ ദുബൈയിൽ സംഘടിപ്പിക്കുന്ന എംപവറിങ് വിത്ത് ലൗ എന്ന പരിപാടിയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുതുകാട്.

വരുന്ന ജനുവരി 14ന് ദുബൈ ഊദ്മേത്ത ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന 'എംപവറിംങ് വിത്ത്‌ ലൗ'എന്ന പരിപാടിയിൽ ഭിന്നശേഷിക്കാരടക്കം 33 കുട്ടികൾ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. തിരുവനന്തപുരം മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഡിഫറന്‍റ് ആർട്ട് സെന്‍ററിലെ കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുക. ‌‌ഇവരുടെ ഗൾഫ് മേഖലയിലെ ആദ്യത്തെ പരിപാടിയാണിത്. ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺസിൻഡ്രോം, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച, കേൾവി, അംഗ പരിമിതർ തുടങ്ങിയ പരിമിതികളുള്ള കുട്ടികളാണ് കലാസംഘത്തിലുള്ളതെന്നും മുതുകാട് പറഞ്ഞു.

മാജിക് ഷോ, നൃത്തം, സംഗീതം തുടങ്ങിയ വിവിധ പരിപാടികൾ നടക്കുമെന്ന് ഐ.പി.എ സ്ഥാപകൻ എ.കെ. ഫൈസലും ചെയർമാൻ വി.കെ. ശംസുദ്ദീനും പറഞ്ഞു. ആഗോളതലത്തിൽ ഇത്തരം കുട്ടികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അവർക്ക് സമൂഹത്തിന്‍റെ അകമഴിഞ്ഞ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് കുട്ടികളുടെ ക്ഷേമത്തിന് സഹായം നൽകുമെന്നും അവർ കൂട്ടിചേർത്തു.

വാർത്താസമ്മേളനത്തിൽ എ.കെ. ഫൈസൽ, വി.കെ. ശംസുദ്ദീൻ, പ്രഫ. ഗോപിനാഥ് മുതുകാട്, പ്രോഗ്രാം കോഡിനേറ്റർ സി.എ തങ്കച്ചൻ മണ്ഡപത്തിൽ, മുനീർ അൽ വഫ, സ്പോൺസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Similar Posts