നാളെ മുതൽ യു.എ.ഇയിൽ പെട്രോൾ വില കൂടും; ഡീസൽ വില കുറയും
|പെട്രോൾ ലിറ്ററിന് 4 ഫിൽസ് വർധിക്കും
ദുബൈ: യു.എ.ഇയിൽ നാളെ മുതൽ പെട്രോൾ വില കൂടും. ഡീസൽ വില കുറയും. പെട്രോൾ ലിറ്ററിന് നാല് ഫിൽസ് വർധിപ്പിച്ചപ്പോൾ ഡീസൽ വില 24 ഫിൽസ് കൂറച്ചു. യു.എ.ഇ ഊർജ മന്ത്രാലയമാണ് മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്.
പുതുക്കിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന്റെ വില മൂന്ന് ദിർഹം അഞ്ച് ഫിൽസിൽ നിന്ന് മൂന്ന് ദിർഹം ഒമ്പത് ഫിൽസായി വർധിക്കും. രണ്ട് ദിർഹം 93 ഫിൽസ് വിലയുണ്ടായിരുന്ന സ്പെഷ്യൽ പെട്രോളിന് രണ്ട് ദിർഹം 97 ഫിൽസ് നൽകേണ്ടി വരും. ഇ പ്ലസ് പെട്രോളിന്‍റെ വില രണ്ട് ദിർഹം 86 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 90 ഫിൽസായി. ഡീസൽ വില 24 ഫിൽസ് കുറയുമ്പോൾ ലിറ്ററിന് മൂന്ന് ദിർഹം 38 ഫിൽസ് നൽകേണ്ടിയിരുന്നിടത്ത് ഇനി മൂന്ന് ദിർഹം 14 ഫിൽസ് നൽകിയാൽ മതി.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലക്ക് അനുസൃതമായാണ് ഓരോ മാസവും യു.എ.ഇ ഊർജ മന്ത്രാലയം രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നത്. ഡീസൽവിലയിൽ കുറയുന്നത് ഇന്ധനവിലയിലെ മാറ്റം അവശ്യസാധനങ്ങളുടെ വിലകയറ്റത്തിന് കാരണമാകുന്നതിന്റെ ആഘാതം കുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.