Gulf
ജി.സി.സി - ഇറാൻ ഉച്ചകോടിക്ക്​ സാധ്യത; ചൈന മുൻകൈയെടുക്കുമെന്ന്​ റിപ്പോർട്ട്​
Gulf

ജി.സി.സി - ഇറാൻ ഉച്ചകോടിക്ക്​ സാധ്യത; ചൈന മുൻകൈയെടുക്കുമെന്ന്​ റിപ്പോർട്ട്​

Web Desk
|
14 March 2023 5:28 PM GMT

ഗൾഫ്​ മേഖലയുടെ സുരക്ഷക്കും പുരോഗതിക്കും ജി.സി.സി - ഇറാൻ സൗഹൃദം ഗുണം ചെയ്യുമെന്നാണ്​ ചൈനയുടെ വിലയിരുത്തൽ

തെഹ്റാന്‍: ജി.സി.സി, ഇറാൻ ഉച്ചകോടിക്ക്​ ചൈന മുൻകൈയെടുക്കുന്നതായി റിപ്പോർട്ട്​. ഗൾഫ്​ മേഖലയുടെ സുരക്ഷക്കും പുരോഗതിക്കും ജി.സി.സി - ഇറാൻ സൗഹൃദം ഗുണം ചെയ്യുമെന്നാണ്​ ചൈനയുടെ വിലയിരുത്തൽ. ഗൾഫിൽ അമേരിക്കൻ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള ചൈനയുടെ തന്ത്രപരമായ ചുവടുവെപ്പായി ഇതിനെ കാണുന്നവരുമുണ്ട്​. ഗൾഫ്​, ഇറാൻ ഉച്ചകോടി ഈ വർഷം തന്നെ ചൈന മുൻകൈയെടുത്ത്​ നടത്തുമെന്ന്​ വാൾ സ്​ട്രീറ്റ്​ ജേർണലാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

രണ്ടു മാസത്തിനുളളിൽ എംബസികൾ പുനഃസ്​ഥാപിക്കാനാണ്​ ഇറാൻ, സൗദി ധാരണ. ഇത്​ യാഥാർഥ്യമാകുന്നതോടെ ജി.സി.സി, ഇറാൻ ഉച്ചകോടിക്ക്​ മുന്നൊരുക്കം നടക്കുമെന്നാണ്​ റിപ്പോർട്ട്​. ഗൾഫ്​ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഉച്ചകോടിക്ക്​ വേദിയാവുകയെന്നും വാർത്തയുണ്ട്​. എന്നാൽ ഔദ്യോഗികമായി ഇതു സംബന്​ധിച്ച്​ ജി.സി.സി, ഇറാൻ നേതൃത്വം പ്രതികരിച്ചിട്ടില്ല.

ഗൾഫ്​ രാജ്യങ്ങളുമായി കൂടുതൽ അടുത്ത സൗഹൃദമാണ്​ ചെന ഇടക്കാലത്ത്​ രൂപപ്പെടുത്തിയത്​. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്​ധം പുനഃസ്​ഥാപിക്കാൻ വഴിയൊരുക്കിയതും ചൈനയുടെ വിജയമാണ്​.

അമേരിക്കക്കും ഇസ്രായേലിനും ലഭിച്ച കനത്ത രാഷ്​ട്രീയ പ്രഹരം കൂടിയാണ്​ ഇറാൻ, സൗദി സഹകരണം. വ്യാപാര മേഖലയിലാണ്​ ഗൾഫിനെ ഇത്രയും കാലം ചൈന പ്രധാനമായും പരിഗണിച്ചത്​. എന്നാൽ മേഖലയിൽ രാഷ്​ട്രീയ സ്വാധീനം വികസിപ്പിക്കാനുള്ള പുതിയ നീക്കം അമേരിക്കക്ക്​ വലിയ ആശങ്ക സൃഷ്​ടിക്കുന്നതാണ്​. ഗൾഫിലും പുറത്തും ഇറാൻവിരുദ്ധ വികാരം പടർത്തി രാഷ്​ട്രീയലക്ഷ്യം നേടാനുള്ള ഇസ്രായേൽ തന്ത്രത്തിനും വലിയ തിരിച്ചടിയാണ്​ പുതിയ നീക്കങ്ങൾ.

Similar Posts