ആഡംബര വാഹന നിര്‍മാതാക്കളുടെ നീണ്ടനിര; ജനീവ മോട്ടോര്‍ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
|ടൊയോട്ട, ലക്‌സസ്, പോർഷെ, ഫോക്‌സ് വാഗൻ, കിയ, ഓഡി, ലംബോർഗിനി, ബി.എം.ഡബ്ല്യൂ തുടങ്ങി വാഹന ലോകത്തെ 31 ലോകോത്തര ബ്രാൻഡുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്
ദോഹ: ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ഇതാദ്യമായാണ് ഓട്ടോമൊബൈൽ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തമായ മോട്ടോര്‍ ഷോ ജനീവക്ക് പുറത്ത് നടത്തുന്നത്. ലോകത്തെ ഏറ്റവും പ്രമുഖരായ വാഹന നിർമാതാക്കളും, ഡിസൈനർമാരും സംഗമിക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർഷോ ഖത്തർ പതിപ്പിന് ഇനി ദിവസങ്ങളുടെ അകലം മാത്രമാണുള്ളത്. ഒക്ടോബര്‍ അഞ്ച് മുതൽ 14 വരെയാണ് ദോഹ എക്സിബിഷിൻ ആന്റ് കൺവെൻഷൻ സെന്ററിൽ ജിംസ് ഖത്തർ പതിപ്പിന് വേദിയാകുന്നത്. പതിനായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഏരിയയിൽ നടക്കുന്ന പ്രദർശനത്തിൽ ആഡംബര വാഹന നിർമാതാക്കളുടെ നീണ്ട നിര പങ്കെടുക്കും.
ടൊയോട്ട, ലക്‌സസ്, പോർഷെ, ഫോക്‌സ് വാഗൻ, കിയ, ഓഡി, ലംബോർഗിനി, ബി.എം.ഡബ്ല്യൂ തുടങ്ങി വാഹന ലോകത്തെ 31 ലോകോത്തര ബ്രാൻഡുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിൽ ഒരുപിടി പുതു മോഡൽ വാഹനങ്ങളും വിപണിയിലേക്കിറങ്ങും. ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറം, സീലൈനിലേക്ക് ഓഫ്‌റോഡ് സവാരി, ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ റൈഡ് ആൻഡ് ഡ്രൈവ്, ക്ലാസിക് ഓട്ടമൊബീലുകളുടെ ഗാലറി, ലുസൈൽ ബൗളെവാർഡിൽ ആഡംബര കാറുകളുടെ പരേഡ് എന്നിവയാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്. ഒക്‌ടോബർ 12ന് രാത്രി ഏഴിന് ബൗളെവാർഡിൽ നടക്കുന്ന പരേഡിൽ 100 ഡ്രീം കാറുകളും അപൂർവ മോഡൽ കാറുകളും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനത്തിലേക്ക് പ്രവേശനം.