നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്റൈനും തമ്മില്‍ ധാരണയായി
|2017 ൽ ഗള്‍ഫ് ഉപരോധത്തിലൂടെ നിലച്ച നയതന്ത്ര ബന്ധമാണ് പുനസ്ഥാപിക്കുന്നത്
ഖത്തർ: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്റൈനും തമ്മില്‍ ധാരണയായി. റിയാദിലെ ജി.സി.സി കൌണ്‍സില്‍ ആസ്ഥാനത്ത് ഇരുരാജ്യങ്ങളും നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് തീരുമാനം. 2017 ൽ ഗള്‍ഫ് ഉപരോധത്തിലൂടെ നിലച്ച നയതന്ത്ര ബന്ധമാണ് പുനസ്ഥാപിക്കുന്നത്. 2021 ല്‍ അല്‍ ഉല ഉച്ചകോടിക്ക് പിന്നാലെ സൌദി, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു.
വ്യാപാര ഗതാഗത ബന്ധങ്ങള്‍ പുനരാരംഭിച്ചെങ്കിലും ഖത്തറിനും ബഹ്റൈനും ഇടയില്‍ നയതന്ത്ര തലത്തില്‍ ബന്ധമുണ്ടായിരുന്നില്ല. റിയാദില്‍ നടന്ന രണ്ടാംവട്ട ഫോളോഅപ് കമ്മിറ്റി യോഗത്തിലാണ് ബന്ധം പുനസ്ഥാപിക്കാന്‍ ധാരണയായത്. ഇരു രാജ്യങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരിയില്‍ ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് സഹായകമായി. അമേരിക്ക,ജോര്‍ദാന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം തീരുമാനം സ്വാഗതം ചെയ്ത് രംഗത്തെത്തി.