അദാഹി കാമ്പയിനുമായി ഖത്തര്‍ റെഡ് ക്രസന്റ്; 60,000 പേര്‍ക്ക് ബലിപെരുന്നാളിന് ഭക്ഷണമെത്തിക്കും
|ഖത്തറിലുള്ള ഉദാരമതികൾക്ക് കാമ്പയിൻ കാലയളവിൽ ഖത്തർ റെഡ്ക്രസന്റിലേക്ക് സംഭാവന നല്‍കാം
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ അദാഹി കാമ്പയിൻ പ്രഖ്യാപിച്ച് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി. വിവിധ രാജ്യങ്ങളിലായി അറുപതിനായിരം പേര്‍ക്ക് ബലി പെരുന്നാളിന് ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. നിരാലംബരും ദരിദ്രരും അഗതികളുമായവർക്ക് ബലിമാംസം ഉൾപ്പെടെ ഭക്ഷണമെത്തിക്കുകയാണ് അദാഹി ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തറിലുള്ള ഉദാരമതികൾക്ക് കാമ്പയിൻ കാലയളവിൽ ഖത്തർ റെഡ്ക്രസന്റിലേക്ക് സംഭാവന നല്‍കാം. ഖത്തറിന് പുറമേ, ഏഷ്യ, ആഫ്രിക്ക, ബാൽക്കൺ എന്നിവിടങ്ങളിലെ 18 രാജ്യങ്ങളിലായി 60000ത്തോളം പേരിലേക്ക് ഈ സംഭാവന പെരുന്നാള്‍ ഭക്ഷണമായി എത്തിക്കും. ഖത്തർ റെഡ്ക്രസന്റ് പദ്ധതിയിലേക്ക് സംഭാവന നൽകുന്നതിന് ഒൺലൈൻ ചാനലോ ക്യു.ആർ.സി.എസ് മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗപ്പെടുത്താം. നാല് വ്യത്യസ്ത ഒപ്ഷനുകളിലൊന്ന് തെരഞ്ഞെടുത്ത് എസ്.എം.എസ് വഴി സംഭാവന നൽകാനുള്ള സേവനവും ഖത്തർ റെഡ്ക്രസന്റ് ഒരുക്കിയിട്ടുണ്ട്.
പാവപ്പെട്ട മനുഷ്യരിലേക്ക് എത്താനുള്ള അവസരമാണ് ബലിപെരുന്നാളെന്നും ഉദാരമതികൾക്ക് നന്മയുടെ വാതിലുകൾ തുറക്കാനുള്ള സമയമാണെത്തിയിരിക്കുന്നതെന്നും ഖത്തർ റെഡ്ക്രസന്റ് ആക്ടിംഗ് സെക്രട്ടറി ജനറൽ ഫൈസൽ അൽ ഇമാദി പറഞ്ഞു.