ലോകകപ്പ് ഗള്‍ഫ് മേഖലയിലെ ടൂറിസം മേഖലയില്‍ ഒന്നാകെ ഉണര്‍വുണ്ടാക്കിയെന്ന് കണക്കുകള്‍
|ലോകകപ്പിന്റെ ഫാന്‍ഡ് ഐഡിയായ ഹയ്യാ കാര്‍ഡ് മിക്ക രാജ്യങ്ങളിലേക്കുമുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായതോടെയാണ് ടൂറിസം മേഖലയ്ക്ക് കരുത്തായത്.
ഖത്തർ: ലോകകപ്പ് ഫുട്ബോള്‍ ഗള്‍ഫ് മേഖലയിലെ ടൂറിസം മേഖലയില്‍ ഒന്നാകെ ഉണര്‍വുണ്ടാക്കിയതായി കണക്കുകള്‍. ഗള്‍ഫ് രാജ്യങ്ങളിലെ ഹോട്ടലുകളിലെല്ലാം നൂറുശതമാനം ബുക്കിങ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലോകകപ്പിന്റെ ആവേശം ഖത്തറില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെല്ലാം അലയടിക്കുകയാണ്. മിക്ക രാജ്യങ്ങളിലെയും ഹോട്ടലുകളില്‍ വലിയ രീതിയിലുള്ള ബുക്കിങ്ങാണ് നടക്കുന്നത്. ലോകകപ്പിന്റെ ഫാന്‍ഡ് ഐഡിയായ ഹയ്യാ കാര്‍ഡ് മിക്ക രാജ്യങ്ങളിലേക്കുമുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായതോടെയാണ് ടൂറിസം മേഖലയ്ക്ക് കരുത്തായത്.
സൗദി, യുഎഇ, ഒമാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് രണ്ടുമുതല്‍ മൂന്ന് മാസം വരെ മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖത്തര്‍ എയര്‍വേസടക്കമുള്ള വിമാനക്കമ്പനികള്‍ മത്സരദിനങ്ങളില്‍ ഷട്ടില്‍ സര്‍വീസും നടത്തുന്നുണ്ട്. ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് മേഖല മുഴുവന്‍ സന്ദര്‍ശിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇതുവഴി കൈവന്നിരിക്കുന്നത്.