ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ
|ഓരോ താമസമേഖലകളിലും അടുത്തടുത്തായി തന്നെ മുനിസിപ്പാലിറ്റിയുടെ മാലിന്യ കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറുകളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടത്. ഇത്തരം കണ്ടെയ്നറുകള്‍ക്ക് പുറത്തോ സമീപത്തായോ മാലിന്യങ്ങള്‍ നിക്ഷേപിച്ചുപോകുന്നതും കുറ്റകൃത്യമാണ്.
ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ 10,000 റിയാലാക്കി വര്‍ധിപ്പിച്ചു.
ലോക ശുചിത്വദിനത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് ഖത്തര്‍ നഗരസഭാ പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. റോഡുകളുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 10,000 റിയാല്‍ അതായത് രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്.ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.
ഉപയോഗിച്ചു കഴിഞ്ഞ മാസ്ക്, ഭക്ഷ്യ വസ്തുക്കൾ, മുറിച്ചിട്ട മരച്ചില്ലകൾ, ഉപയോഗം കഴിഞ്ഞ മറ്റു വസ്തുക്കൾ എന്നിവയെല്ലാം വലിച്ചെറിയുന്നത് കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരും. ഓരോ താമസമേഖലകളിലും അടുത്തടുത്തായി തന്നെ മുനിസിപ്പാലിറ്റിയുടെ മാലിന്യ കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറുകളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടത്. ഇത്തരം കണ്ടെയ്നറുകള്‍ക്ക് പുറത്തോ സമീപത്തായോ മാലിന്യങ്ങള്‍ നിക്ഷേപിച്ചുപോകുന്നതും കുറ്റകൃത്യമാണ്.
ഭക്ഷ്യ വസ്തുക്കളും, കവറുകളും പാർക്ക്, ബീച്ച്, പൊതു സ്ഥലങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവടങ്ങളിൽ ഉപേക്ഷിച്ചാലും 10,000 റിയാൽ പിഴ ചുമത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിസര ശുചിത്വത്തിന് പ്രധാന്യമേറുകയാണ്. പൊതു ശുചിത്വം ഉറപ്പുവരുത്തൽ ഏതാനും പേരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയുടെയും ദൈനംദിന ചിട്ടയുടെ ഭാഗമായി ഇത് മാറണമെന്നും മുൻസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തൂർകി അൽ സുബൈഇ പറഞ്ഞു. ശുചിത്വ വാരാചരണത്തിൻെറ ഭാഗമായി മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ, യുവാക്കൾ, പൊതു സമൂഹം, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവരെ പങ്കാളികളാക്കികൊണ്ട് നിരവധി പരിപാടികളും നടപ്പാക്കുന്നുണ്ട്.