72ാമത് ഫിഫ വാര്‍ഷിക കോണ്‍ഗ്രസ് ഇന്ന് മുതല്‍ ദോഹയില്‍; ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നാളെ
|ലോകമെങ്ങുമുള്ള ഫുട്ബാള്‍ അസോസിയേഷന് ഭാരവാഹികളും സംഘാടകരും, മുന്‍താരങ്ങളും ഉള്‍പ്പെടെ തലസ്ഥാന നഗരിയിലെത്തി
72ാമത് ഫിഫ വാര്‍ഷിക കോണ്‍ഗ്രസിന് ഇന്ന് ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ ആരംഭിക്കും. രണ്ടായിരത്തോളം പ്രതിനിധികളാണ് വാര്‍ഷിക കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. നാളെയാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട ടീമുകളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്.
ലോകമെങ്ങുമുള്ള ഫുട്ബാള്‍ അസോസിയേഷന് ഭാരവാഹികളും സംഘാടകരും, മുന്‍താരങ്ങളും ഉള്‍പ്പെടുന്ന പടതന്നെ ഖത്തര്‍ തലസ്ഥാന നഗരിയിലെത്തിയിട്ടുണ്ട്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോകകപ്പ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്താനുള്ള നീക്കം ഇത്തവണത്തെ അജണ്ടയിലുണ്ടായിരിക്കില്ല. ഇക്കാര്യത്തിലെ നിലപാടില്‍ നിന്ന് ഫിഫ പിന്നോട്ട് പോയതായാണ് വിലയിരുത്തല്‍.
നാളെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഏറ്റവും പുതിയ ഫിഫ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാകും യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുക. ടോപ് സീഡിലുള്ള എട്ട് ടീമുകള്‍ക്ക് ആദ്യ പോട്ടില്‍ ഇടം ലഭിക്കും. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30ന് (ഖത്തര്‍ സമയം 7 മണി) നറുക്കെടുപ്പ് നടപടികല്‍ ആരംഭിക്കും.