പ്രഥമ ഖത്തർ ബോട്ട് ഷോയ്ക്ക് വർണാഭമായ തുടക്കം
|ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഷോയിൽ 350 ലേറെ ബ്രാൻഡുകളുടെ ആഡംബര നൗകകളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്
ദോഹ: പ്രഥമ ഖത്തർ ബോട്ട് ഷോയ്ക്ക് വർണാഭമായ തുടക്കം. ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഷോയിൽ 350 ലേറെ ബ്രാൻഡുകളുടെ ആഡംബര നൗകകളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ആഡംബരവും ആധുനികതയും സമ്മേളിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ഓൾഡ് ദോഹ പോർട്ടിൽ. ലോകത്തെ 350ലേറെ പ്രമുഖ ബ്രാൻഡുകളുടെ പുതുപുത്തൻ ബോട്ടുകളും യോട്ടുകളും ഇവിടെ കാണാം. ഈ ആഡംബര നൗകകളിൽ കയറി അകത്തെ സൗകര്യങ്ങൾ കാണാനും അവസരമുണ്ട്. വെറും കാഴ്ചക്കാർ മാത്രമല്ല ഇവിടെയത്തുന്നത്. ഇത്തരം നൗകകൾ സ്വന്തമാക്കാൻ ആഗ്രഹിച്ച് വില ചോദിച്ചെത്തുന്നവരുമുണ്ട്.
ഉത്സവാന്തരീക്ഷത്തിലാണ് ബോട്ട് ഷോ നടക്കുന്നത്. വാട്ടർ സ്‌പോർട്‌സിനും മീൻപിടുത്തത്തിനുമുള്ള ഉപകരണങ്ങളും ഇവിടെയുണ്ട് ഡാൻസിങ് വാട്ടർ ഫൗണ്ടെയ്ൻ, സംഗീത പരിപാടികൾ എന്നിവയും നടക്കുന്നു. എല്ലാ ദിവസവും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. ഇന്നലെ തുടങ്ങിയ ബോട്ട് ഷോ ഒമ്പതിനാണ് സമാപിക്കുന്നത്.
ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ടിക്കറ്റ് മുഖേനയാണ് ബോട്ട് ഷോയിലേക്ക് പ്രവേശനം. വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങുന്ന ബോട്ട് ഷോ രാത്രി 9 മണിക്ക് സമാപിക്കും.