ഖത്തറിലെ സൂഖ് വാഖിഫിൽ ഈത്തപ്പഴ പ്രദർശനം വരുന്നു
|ഈ മാസം 23ന് തുടങ്ങുന്ന പ്രദർശനം ആഗസ്റ്റ് 3 വരെ തുടരും
ദോഹ: ഖത്തറിന്റെ തനത് ഈത്തപ്പഴ രുചികളുമായി സൂഖ് വാഖിഫ് ഈത്തപ്പഴ പ്രദർശനം വരുന്നു. ഈ മാസം 23 ന് തുടങ്ങുന്ന പ്രദർശനം ആഗസ്റ്റ് 3 വരെ തുടരും. വൈകിട്ട് നാല് മുതൽ രാത്രി 9 വരെയാകും പ്രവേശനം. മരുഭൂമിയിലെ തോട്ടങ്ങളിൽ ഈത്തപ്പഴങ്ങൾ പഴുത്ത് പാകമായിത്തുടങ്ങിയിരിക്കുകയാണ്. ഇനി വ്യസ്തത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴങ്ങളുടെ ഉത്സവകാലമാണ്.
നൂറിലേറെ പ്രാദേശിക ഫാമുകളാണ് വൈവിധ്യങ്ങളായ ഈത്തപ്പഴങ്ങളുമായി സൂഖിലേക്ക് എത്തുന്നത്. അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്,ഹലാവി, മസാഫാത്തി, മദ്ജൂൽ തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ രുചിക്കാനും വാങ്ങാനും അവസരമുണ്ടാകും. കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലിൽ 103 ഫാമുകളാണ് പങ്കെടുത്തത്. രണ്ട് മില്യൺ ഖത്തർ റിയാലിന്റെ വിൽപ്പനയും നടന്നു. ഈത്തപ്പഴത്തിന് പുറമെ പാസ്ട്രീസ്, കേക്ക്, ജാം, ജ്യൂസ് തുടങ്ങി വിവിധ ഈത്തപ്പഴ വിഭവങ്ങളും പ്രദർശനത്തിൽ ലഭ്യമാകും.