Qatar
ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിൽ വൻ തട്ടിപ്പ്
Qatar

ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിൽ വൻ തട്ടിപ്പ്

Web Desk
|
5 Aug 2024 8:33 PM GMT

തമിഴ്‌നാട് സ്വദേശികളായ യുവാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി

ദോഹ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിൽ വൻ തട്ടിപ്പ്. തമിഴ്‌നാട് സ്വദേശികളായ യുവാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായാണ് പരാതി. സന്ദർശക വിസയായ എ-വൺ വിസയിലാണ് ഇവരെ തട്ടിപ്പുകാർ ഖത്തറിലെത്തിച്ചത്. തമിഴ്‌നാട്ടിലെ മധുര, തിരുനെൽവേലി, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നും 18 യുവാക്കളാണ് തട്ടിപ്പിനിരയായത്. നാട്ടുകാരൻ തന്നെയായ സുമൻ പോൾ ദുരൈയാണ് സൂത്രധാരൻ. മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.

ഖത്തറിൽ പുതുതായി തുടങ്ങുന്ന കമ്പനിയിലേക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് വഴി പ്രചരിപ്പിച്ച മെസേജുകളിലാണ് ഈ യുവാക്കൾ വീണത്. വിസക്കായി മൂന്നരലക്ഷം രൂപ നൽകി.എഞ്ചിനീയറിങ് ബിരുദധാരികൾ ഉൾപ്പെടെയാണ് തട്ടിപ്പുകാരുടെ വാക് സാമർഥ്യത്തിൽ വീണത്. ഇവരെ വിശ്വസിപ്പിക്കാനായി ആദ്യം നേപ്പാളിൽ ട്രെയിനിങ്ങിനും കൊണ്ടുപോയി.

നേപ്പാളിൽ വെച്ച് സംശയം തോന്നിയതോടെ യുവാക്കൾ ചോദ്യം ചെയ്തു. കമ്പനിയുടെ പേര് പോലും വെളിപ്പെടുത്താൻ തയ്യാറായില്ല, മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തു. ജൂണിൽ ഖത്തറിലെത്തിയ യുവാക്കളെയും സംഘം തട്ടിപ്പിന് ഉപയോഗിച്ചു. ഒരാൾ 25 മുതൽ 40 പേരെ വരെ റിക്രൂട്ട് ചെയ്യണമെന്നായിരുന്നു ടാർഗറ്റ്. ഈ നാൽപത് പേരിൽ നിന്നും വിസയ്ക്കുള്ള ആദ്യ ഘഡുവായി 25000 രൂപം വീതം സുമൻ തട്ടിയെടുക്കുകയും ചെയ്തു.

എ-വൺ വിസയിൽ ഖത്തറിലെത്തിച്ച യുവാക്കളോട് ഉടൻ തൊഴിൽ വിസയിലേക്ക് മാറാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒടുവിൽ സന്ദർശക വിസ കാലാവധി തീരുകയും ഭക്ഷണത്തിന് പോലും പ്രതിസന്ധി നേരിടുകയും ചെയ്തതോടെ ഖത്തർ തമിഴർ സംഘമാണ് ഇവരുടെ രക്ഷക്കെത്തിയത്. ഖത്തർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തമിഴ്‌നാട് പൊലീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.


Related Tags :
Similar Posts