Qatar
A Malayali who was caught in a drug trap died in Qatar
Qatar

മാപ്പുകിട്ടിയിട്ടും വിധി കരുണ കാട്ടിയില്ല; മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു

Web Desk
|
8 May 2024 12:06 PM GMT

വിസ ഏജന്റ് നൽകിയ ബാഗാണ് ഷമീറിനെ ജീവിതം കീഴ്‌മേൽ മറിച്ചത്

ദോഹ: നാടണയണമെന്ന സ്വപ്നങ്ങൾ ബാക്കിയാക്കി ഷമീർ ചതിയും വേദനകളുമില്ലാത്ത ലോകത്തേക്ക് യാത്രയായി. എറണാകുളം ഇടപ്പള്ളി സ്വദേശിയായ ഷമീർ 2022ലാണ് ഖത്തറിൽ മയക്കുമരുന്ന് കേസിൽ ജയിലിലാകുന്നത്. വിസ ഏജന്റ് നൽകിയ ബാഗാണ് ഷമീറിനെ ജീവിതംകീഴ്‌മേൽ മറിച്ചത്. 2022 ജൂലൈയിൽ എറണാകുളത്തു നിന്നുള്ള ഏജൻസി ജോലി വാഗ്ദാനം ചെയ്ത് നൽകിയ വിസ വഴിയാണ് ഷമീർ ഖത്തറിലെത്തിയത്. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് തൊഴിലവസരമുണ്ടെന്നായിരുന്നു വാഗ്ദാനം.

കൊച്ചിയിൽ നിന്ന് ദുബൈയിലെത്തിയപ്പോൾ ഖത്തറിലെ സ്‌പോൺസറിനുള്ള സമ്മാനമെന്ന് പറഞ്ഞ് ഏജൻറ് നൽകിയ ബാഗുമായി ദോഹയിലേക്ക് പുറപ്പെട്ട ഷമീർ മയക്കുമരുന്നുമായി പിടിയിലായി. ശിക്ഷ അനുഭവിക്കുന്നതിനിടെ ഷമീറിന് അർബുദം സ്ഥിരീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം ഗുരുതരമായതോടെ ഇന്ത്യൻ എംബസിയും സാമൂഹ്യ പ്രവർത്തകരും ഇടപെട്ട് ഭാര്യയെയും മകനെയും ദോഹയിലെത്തിച്ചിരുന്നു.

കഴിഞ്ഞ റമദാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പൊതുമാപ്പിൽ ഉൾപ്പെട്ടെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നാണ്. നാടണയും മുമ്പേ ഷമീർ പ്രവാസമണ്ണിൽ മരണപ്പെട്ടു. 48 വയസായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഖത്തറിലെ ഇന്ത്യൻ എംബസി അപെക്‌സ് സംഘടനയായ ഐ.സി.ബി.എഫും പ്രവാസി വെൽഫെയർ ആൻറ് കൾചറൽ ഫോറം, എഡ്മാഖ് പ്രവർത്തകരും.

സമാനമായ കെണിയിൽ അകപ്പെട്ട് വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്തും ഖത്തറിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. യശ്വന്തിന്റെ ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടിയിരുന്നു. എറണാകുളം റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ അറസ്റ്റിലായെങ്കിലും മുഖ്യ കണ്ണികളെ ഇപ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Similar Posts