24 മണിക്കൂർ കഴിഞ്ഞിട്ടും പറന്നുയരാതെ എയർ ഇന്ത്യ എക്സ്പ്രസ്; ദുരിതത്തിലായി യാത്രക്കാർ
|ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു.
ദോഹ: ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. 24മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് 150 ലേറെ യാത്രക്കാര്‍. ഞയാഴ്ച ഉച്ചക്ക് ടേക്ക് ഓഫിനായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തിരമായി നിർത്തിവെച്ചത്.
സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റൺവേയിൽ വെച്ചുതന്നെ പരിശോധന നടത്തിയെങ്കിലും പുറപ്പെടാനായില്ല. നട്ടുച്ചസമയത്തെ കടുത്ത ചൂടിൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ രണ്ടു മണിക്കൂറോളമാണ് നിർത്തിയിട്ട വിമാനത്തിൽ തന്നെ കഴിഞ്ഞുകൂടാൻ നിർബന്ധിതരായത്. ഉടൻ പുറപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെ രണ്ടു മണിക്കൂർ കഴിഞ്ഞ് യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തിൽ തന്നെ ഇരുത്തി. വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് വിവരം ലഭിച്ചെങ്കിലും അതും ഉണ്ടായില്ല. തുടർന്ന് രാത്രി ഒമ്പത് മണിയോടെയാണ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്. ചിലർ താമസ സ്ഥലങ്ങളിലേക്കും മടങ്ങി.
ഇന്ന് ഉച്ചക്കുള്ള വിമാനം പറന്നുയർന്നിട്ടും, ഇന്നലെ വിമാനത്താവളത്തിലെത്തിയവർ കാത്തിരിപ്പിൽ തന്നെയാണ്. അതേസമയം വിമാനം വൈകുന്നേരം പുറപ്പെടുമെന്ന് അധികൃതർ പ്രതികരിച്ചു.