ലോകകപ്പിനായി വിമാനത്താവളങ്ങള്‍ പൂര്‍ണ സജ്ജം; പ്രതിദിനം 1600 വിമാന സര്‍വീസുകള്‍
|മണിക്കൂറില്‍ 5700 യാത്രക്കാരെ സ്വീകരിക്കും
ദോഹ: ലോകകപ്പ് ഫുട്ബോളിനായി ഖത്തറിലെ വിമാനത്താവളങ്ങള്‍ സജ്ജം. മണിക്കൂറില്‍ 5700 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറില്‍ 3700 യാത്രക്കാര്‍ക്ക് വന്നിറങ്ങാനാകും, ലോകകപ്പിനായി സൗകര്യങ്ങള്‍ ഉയര്‍ത്തിയ ദോഹ വിമാനത്താവളത്തില്‍ മണിക്കൂറില്‍ 2000 പേര്‍ക്കാണ് സൗകര്യമുള്ളത്. യാത്രക്കാരുടെ വരവും പോക്കും മോക്ഡ്രില്‍ നടത്തി പരീക്ഷിച്ചിരുന്നു. ഇങ്ങനെ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഹമദ് വിമാനത്താവളത്തില്‍ നിന്നും ബസ്, മെട്രോ, ടാക്സി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.
ദോഹ വിമാനത്താവളത്തിലെത്തുന്നത് വരെ മെട്രോ സ്റ്റേഷനുകളിലെത്തിക്കാനും ഷട്ടില്‍ ബസ് സര്‍വീസും ടാക്സികളും ഉണ്ടാകും. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസ് ഉള്‍പ്പെടെ ലോകകപ്പ് സമയത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ വിമാനത്താവളത്തിലുമായി ഓരോ മണിക്കൂറിലും 100 വിമാനങ്ങളാണ് ഖത്തറില്‍ പറന്നിറങ്ങുക. ആകെ 1600 വിമാന സര്‍വീസുകളാണ് പ്രതിദിനം പ്രതീക്ഷിക്കുന്നത്.