അമേരിക്ക - വെനസ്വേല ശീതയുദ്ധം; ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ ഫലം കാണുന്നു
|അമേരിക്കയുമായുള്ള ചർച്ചകൾ ഈ മാസം 10 മുതൽ പുനരാരംഭിക്കുമെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദുരോ പറഞ്ഞു
ദോഹ: അമേരിക്ക- വെനസ്വേല ശീതയുദ്ധത്തിന് അയവുവരുത്താനുള്ള ഖത്തറിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. അമേരിക്കയുമായുള്ള ചർച്ചകൾ ഈ മാസം 10 മുതൽ പുനരാരംഭിക്കുമെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദുരോ പറഞ്ഞു. വെനസ്വേലയിൽ ഈ മാസം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രസിഡന്റ് നിക്കോളസ് മദുരോ അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ രണ്ട് മാസമായി നിർദേശങ്ങൾ ലഭിക്കുന്നുണ്ട്. സുദീർഘമായ ആലോചനകൾക്ക് ശേഷം ഈ മാസം 10 മുതൽ ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി നിക്കോളസ് മദുരോ പറഞ്ഞു.വെനസ്വേലൻ ടിവിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബറിൽ ഖത്തർ ഇടപെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തടവുകാരെ കൈമാറുന്നതിന് കരാറുണ്ടാക്കിയിരുന്നു.മദുരോയുടെ അടുത്ത അനുയായിയായ അലക്‌സ് സാബിന്റെ മോചനത്തിന് പകരമായി പത്ത് അമേരിക്കക്കാരെ അന്ന് മോചിപ്പിച്ചിരുന്നു. എന്നാൽ അതിന് ശേഷം വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. ഉപരോധങ്ങൾ പിൻവലിക്കുന്നതിൽ ബൈഡൻ ഭരണകൂടം നിസ്സംഗത പുലർത്തുന്നുവെന്നായിരുന്നു വെനസ്വേലയുടെ ആരോപണം. എന്നാൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ മദുരോ തയ്യാറാകുന്നില്ല എന്നവാദമാണ് അമേരിക്ക ഉയർത്തുന്നത്. ഇരു രാജ്യങ്ങളെയും വീണ്ടും ഒരേ മേശയ്ക്ക് ചുറ്റും ഇരുത്താൻ സാധിക്കുന്നത് ഖത്തറിന്റെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്