Qatar
An emergency exercise will be conducted at Hamad International Airport tomorrow
Qatar

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ എമർജൻസി എക്‌സർസൈസ് നടത്തും

Web Desk
|
7 Jan 2024 4:54 PM GMT

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് മുഴുവൻ സംവിധാനങ്ങളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എമർജൻസി എക്‌സർസൈസ്.

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ എമർജൻസി എക്‌സർസൈസ് നടത്തും. രാവിലെ അഞ്ച് മണി മുതൽ രാത്രി എട്ടു വരെ നടക്കുന്ന അഭ്യാസം യാത്രക്കാരെ ബാധിക്കില്ല. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് മുഴുവൻ സംവിധാനങ്ങളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എമർജൻസി എക്‌സർസൈസ്. എല്ലാ വർഷവും നടക്കുന്ന മുഴുനീള എക്‌സർസൈസിന്റെ ആറാമത്തെ പതിപ്പാണ് ഇത്തവണ നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, അതിനെ നേരിടാനുള്ള ഉയർന്നതലത്തിലെ തയ്യാറെടുപ്പ് ഉറപ്പാക്കുക കൂടിയാണ് സമ്പൂർണ പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

വിമാനത്താവളത്തിലെ യാത്രാ ടെർമിനലിലും വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും, ടാക്‌സി ഏരിയകളും ഉൾപ്പെടുന്ന മാനുവറിങ് ഏരിയ എന്നിവടങ്ങളിലുമായാണ് എമർജൻസി എക്‌സർസൈസ് നടക്കുന്നത്. എന്നാൽ, ഹമദിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെയും, യാത്രക്കാരുടെയും പ്രവർത്തനങ്ങളെ ഒരു തരത്തിലും ഇത് ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ അടിയന്തര ലാൻഡിങ്, അപകടം എന്നിവ ഉൾപ്പെടുത്തിയായിരിക്കും അഭ്യാസം. ഇത്തരത്തിലുള്ള ദുർഘടമായ സാഹചര്യങ്ങളിൽ വിമാനത്താവളത്തിന്റെ അടിയന്തര പ്രതികരണത്തിന്റെയും വിവിധ വിഭാഗങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സന്നാഹം പരിശോധിക്കും.

Similar Posts