അനക്‌സ് ഖത്തർ എഞ്ചിനീയറിങ്ങ് കോളേജ് അലുമിനികൾക്കായി കായികമേള സംഘടിപ്പിച്ചു
|മേളയിൽ ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി ഓവറോൾ ചാമ്പ്യന്മാരായി
ദോഹ: ഖത്തറിൽ എഞ്ചിനീയറിങ്ങ് കോളേജ് അലുമിനികൾക്കായി കായികമേള സംഘടിപ്പിച്ച് അനക്‌സ് ഖത്തർ. പാലക്കാട് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അനക്‌സ് ഖത്തർ 'ആരവം' എന്ന പേരിലാണ് കായികമേള സംഘടിപ്പിച്ചത്. ആസ്പയർ അക്കാദമി ഇൻഡോർ ഹാളിൽ ഒരുക്കിയ കായികമേളയിൽ വോളിബോൾ, ത്രോബോൾ, വടംവലി, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
പുരുഷന്മാരുടെ വോളിബോൾ മത്സരത്തിൽ എം.ഇ.എ കോളേജ് അലുമിനിയെ ഫൈനലിൽ തോൽപ്പിച്ച് ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി കപ്പ് കരസ്ഥമാക്കി. വനിതകൾക്കായി നടത്തിയ ത്രോബോൾ മത്സരത്തിൽ ഫൈനലിൽ കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനിയെ ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി തോൽപ്പിച്ചു. വനിതകളുടെ പഞ്ചഗുസ്തി മത്സരത്തിൽ ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി അംഗമായ ഹഫ്‌സ ഖാലിദ് വിജയിയായി. കേരളത്തിലെ 11 എഞ്ചിനീയറിങ്ങ് കോളേജ് അലുംമിനികൾ പങ്കെടുത്ത മേളയിൽ എറ്റവും കൂടുതൽ ഇനങ്ങളിൽ വിജയികളായ ടികെഎം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനിയാണ് ഓവറോൾ ചാമ്പ്യന്മാരായത്.